സ്‌പാനിഷ് ലീഗിൽ വമ്പന്മാരായ ബാഴ്‌ലോണയെ അട്ടിമറിച്ച് ലെവന്റെ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സ്വന്തം തട്ടകത്തിൽ ലെവന്റെയുടെ ജയം. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ബാഴ്സയായിരുന്നെങ്കിലും ഒന്നിനു പുറകെ ഒന്നായി മൂന്ന് ഗോളുകൾ ബാഴ്സയുടെ വലയിൽ എത്തിച്ച് ലെവന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ 38-ാം മിനിറ്റിൽ സൂപ്പർ താരം മെസിയാണ് ബാഴ്സയ്ക്ക് വേണ്ടി ഗോൾ കണ്ടെത്തിയത്. നെൽസൻ സെമോഡയെ ഫൗൾ ചെയ്തതിന് ലഭിച്ച് പെനാൽറ്റി മെസി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ ബാഴ്സലോണയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ലെവന്റെയുടെ പ്രത്യാക്രമണം.

Also Read: വില്ലനായി മുസ്തഫ നിങ്; കേരള ബ്ലാസ്റ്റേഴ്സിനെ തോൽവിയിലേക്ക് നയിച്ചത് ആ ഫൗളുകൾ

ക്യാമ്പനയുടെ ഗോളിലാണ് ലെവന്റെ ആദ്യം ഒപ്പമെത്തിയത്. മത്സരത്തിന്റെ 61-ാം മിനിറ്റിലായിരുന്നു ക്യാമ്പനയുടെ ഗോൾ. രണ്ട് മിനിറ്റുകൾക്ക് പിന്നാലെ 63-ാം മിനിറ്റിൽ ബോർജ മയോറൽ വീണ്ടും ബാഴ്സ വല കുലുക്കി ആതിഥേയർക്ക് ലീഡ് നൽകി. 68-ാം മിനിറ്റിൽ റഡോജ വീണ്ടും ലെവന്റേക്ക് വേണ്ടി ഗോൾ നേടിയതോടെ സന്ദർശകർ തകർച്ച മുന്നിൽ കണ്ടു. പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള ബാഴ്സയുടെ ശ്രമങ്ങൾ വിഫലമായതോടെ വമ്പന്മാർക്ക് സീസണിലെ മൂന്നാം തോൽവി.

മറ്റൊരു മത്സരത്തിൽ റയൽ ബെറ്റിസ് ശക്തരായ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചു. പോയിന്റ് പട്ടികയിലെ 14-ാം സ്ഥാനക്കാരായ റയൽ ബെറ്റിസിനെതിരെ സ്വന്തം തട്ടകത്തിൽ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ റയലിന്റെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു. മത്സരത്തിൽ പൂർണാധിപത്യം റയലിന് തന്നെയായിരുന്നെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ ക്ലബ്ബ് പരാജയപ്പെട്ടു. ഇതോടെയാണ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചത്.

അത്‌ലറ്റികോ മാഡ്രിഡിനും സമനില കുരുക്കായിരുന്നു മത്സരഫലം. സെവില്ലയാണ് അത്‌ലറ്റികോ മാഡ്രിഡിനെ സമനിലയിൽ തളച്ചത്. അൽവാരോ മോറട്ടയുടെ ഗോളാണ് തോൽവിയിൽ നിന്നും ടീമിനെ സമനലിയിലേക്ക് ഉയർത്തിയത്. 28-ാം മിനിറ്റിൽ ഫ്രാങ്കോ വാർക്വസിന്റെ ഗോളിൽ സെവില്ലയാണ് മത്സരത്തിൽ മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിലായിരുന്നു അൽവാറോയുടെ ആശ്വാസ ഗോൾ.

Also Read: ‘ടിക്കറ്റ് ടു ടോക്കിയോ’; നായികയുടെ ഗോളില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് യോഗ്യത

പരാജയപ്പെട്ടെങ്കിലും ബാഴ്സലോണ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 22 പോയിന്റുകളുമായാണ് ബാഴ്സലോണ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനും 22 പോയിന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബാഴ്സയാണ് മുന്നിൽ. അത്‌ലറ്റികോ മാാഡ്രിഡ് മൂന്നാം സ്ഥാനത്തും സെവില്ല നാലാം സ്ഥാനത്തുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook