മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീട പോരാട്ടം ഫോട്ടൊ ഫിനിഷിലേക്കെന്ന് ഉറപ്പായി. 36-ാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തമ്മില്‍ രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. രണ്ട് മത്സരം മാത്രം ശേഷിക്കെ അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തൊട്ടുപിന്നിലും, ബാഴ്സലോണ മൂന്നാമതുമാണ്.
ഇന്നലെ ഗ്രനാഡയ്ക്കെതിരായ മത്സരത്തില്‍ ഉജ്ജ്വല വിജയം നേടിയാണ് റയല്‍ കിരിടപ്പോര് വീണ്ടും സജീവമാക്കിയത്. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു സിനദിന്‍ സിദാന്റെയും കൂട്ടരുടേയും വിജയം. ലൂക്ക മോഡ്രിച്ച്, റോഡ്രിഗോ, ഓഡ്രിയോസോള, കരിം ബെന്‍സിമ എന്നിവരാണ് ലക്ഷ്യം കണ്ടത്. ഗ്രനാഡയ്ക്കായി ജോര്‍ജെ മൊലിന ഒരു ഗോള്‍ മടക്കി.
Also Read: ക്യാപ്റ്റൻസിയിലൂടെ സഞ്ജുവിന് ലഭിച്ചത് മികച്ച പഠന അനുഭവമെന്ന് ജോസ് ബട്ട്ലർ
മറ്റൊരു മത്സരത്തില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ റയല്‍ സോസിഡാഡിനോട് വിറച്ച് ജയിച്ചു. 2-1 നായിരുന്നു ജയം. ആദ്യ പകുതിയില്‍ യാനിക് കരാസ്കോയും, എയ്ഞ്ചല്‍ കോരിയയും മുന്‍ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ സോസിഡാഡ് ഉജ്ജ്വല തിരിച്ചു വരവ് നടത്തി. എല്ലാ മേഖലയിലും അത്ലറ്റിക്കോയെ പിന്നിലാക്കാനായെങ്കിലും ജയം മാത്രം സോസിഡാഡിന് നേടാനായില്ല.
താരതമ്യേന കരുത്തരല്ലാത്ത ലെവാന്റയോട് സമനില വഴങ്ങിയതാണ് ബാഴ്സലോണയ്ക്ക് തിരിച്ചടിയായത്. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി. സമനിലയോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ബാഴ്സ പിന്തള്ളപ്പെട്ടു. 2014 ന് ശേഷം ആദ്യമായി കിരീടം നേടുക എന്ന ലക്ഷ്യമാണ് അത്ലറ്റിക്കോയ്ക്ക് മുന്നിലുള്ളത്. അവസാനം വരെ പോരാടുമെന്ന് റയല്‍ പരിശീലകന് സിദാനും പ്രഖ്യാപിച്ചു കഴിഞ്ഞു.