മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീങ്ങുന്നു. കാഡിയാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് വീണ്ടും പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 32 മത്സരങ്ങളില്‍ നിന്ന് റയലിന് 70 പോയിന്റാണുള്ളത്. രണ്ടാമതുള്ള അത്ലറ്റിക്കോ മഡ്രിഡിനും, മൂന്നാമതുള്ള ബാഴ്സലോണയ്ക്കും 67 പോയിന്റും. അത്ലറ്റിക്കോ ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്.
കാഡിയാസിനെതിരെ ഏകപക്ഷീയമായിരുന്നു റയലിന്റെ ജയം. 62 ശതമാനമായിരുന്നു കരുത്തന്മാരുടെ പന്തടക്കം. 30-ാം മിനിറ്റില്‍ പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ച് കരിം ബെന്‍സിമയാണ് റയലിനെ മുന്നിലെത്തിച്ചത്. ആദ്യ ഗോളിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാകും മുമ്പ് തന്നെ സിനദിന്‍ സിദാനും കൂട്ടരും ലീഡ് ഉയര്‍ത്തി. ആല്‍വാരോ ഓഡ്രിയോസോളയാണ് ഗോള്‍ നേടിയത്.
Read More: IPL 2021 CSK vs KKR: കമ്മിന്‍സിന്റെ പോരാട്ടം വിഫലം; ചെന്നൈയ്ക്ക് ജയം, ഒന്നാമത്
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബെന്‍സിമ രണ്ടാം ഗോള്‍ നേടി. കാസിമിറോയുടെ ക്രോസ് ഹെഡറിലൂടെയാണ് ഫ്രഞ്ച് താരം പന്ത് വലയിലെത്തിച്ചത്. ബെന്‍സിയുടെ ലീഗിലെ 21-ാം ഗോളാണിത്. ഇന്ന് ഹസ്കക്കെതിരായ മത്സരം ജയിക്കാനായാല്‍ അത്ലറ്റിക്കോയ്ക്ക് വീണ്ടും ഒന്നാമതെത്താം.
അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ മാഞ്ചസ്റ്റര്‍ സിറ്റി കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ യുവന്റസ് പര്മയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 43, 47 മിനിറ്റുകളില്‍ അലക്സ് സാന്‍ഡ്രോയും 68-ാം മിനിറ്റില്‍ ഡി ലിറ്റുമാണ് ഗോള്‍ നേടിയത്.