സ്പെയിനിന്റെ മധ്യനിര താരം ഡേവിഡ് സിൽവ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2010 ൽ ലോകകപ്പ് നേടിയ സ്പെയിൻ ടീമിൽ സിൽവ അംഗമായിരുന്നു. കഴിഞ്ഞ ദിവസം സ്പെയിനിന്റെ തന്നെ പ്രതിരോധ താരം ജെറാഡ് പിക്കുവും രാജ്യാന്തര ഫുട്ബോളിനോട് വിട പറഞ്ഞിരുന്നു.

ലോകകപ്പിന് പുറമെ രണ്ട് യൂറോപ്യൻ കിരീട (2008, 2012) നേട്ടത്തിലും സിൽവ സ്പെയിൻ ടീമിൽ അംഗമായിരുന്നു. രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ താരം തുടരുമെന്നാണ് സൂചന. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ്.

സ്പെയിനിന്റെ ജൂനിയർ ടീമുകൾക്കായി കളിച്ചു തുടങ്ങിയ സിൽവ 2006 ലാണ് ദേശിയ സീനിയർ ടീമിലേക്കെത്തുന്നത്. രാജ്യത്തിനായി 125 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സിൽവ 35 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. വാലെൻസിയയിലൂടെ ക്ലബ്ബ് ഫുട്ബോളിൽ എത്തിയ സിൽവ 2010ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തുന്നത്. സിറ്റിക്കായി 249 മത്സരങ്ങളിൽനിന്നും 48 ഗോളുകൾ നേടിയിട്ടുണ്ട്.

സ്പെയിൻ പ്രതിരോധത്തിലെ ശക്തനായ കാവൽക്കാരനായിരുന്നു ജെറാഡ് പിക്കു. ജൂനിയർ ടീമുകളിലൂടെ തന്നെയായിരുന്നു പിക്കുവിന്റെയും അരങ്ങേറ്റം. 2004 പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ താരം 4 വർഷങ്ങൾക്ക് ശേഷം സ്വന്തം തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങി വരികയായിരുന്നു. ബാഴ്സലോണക്ക് വേണ്ടി 276 മത്സരങ്ങൾ കളിച്ച താരമാണ് പിക്കു.

2010 ൽ ലോകകപ്പും 2012 ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പും സ്പെയിനിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് പിക്കു. സ്പെയിനിലെ സെർജിയോ റാമോസ് – ജെറാഡ് പിക്കു സഖ്യവും, ബാഴ്സലോണയിലെ കാർലെസ് പിയോൾ – ജെറാഡ് പിക്കു സഖ്യവും ഏറെ വാഴ്ത്തപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook