ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ നാടകീയ സംഭവങ്ങള്‍ അവസാനിക്കുന്നില്ല. താരങ്ങള്‍ തമ്മിലുള്ള അടി മുതല്‍ താരങ്ങള്‍ക്കെതിരായയ നടപടിയും കളത്തിന് പുറത്തെ പ്രതിഷേധവുമെല്ലാമായി ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ചൂടു പിടിക്കുകയാണ്. തങ്ങളുടെ ടീമിന് കട്ട സപ്പോര്‍ട്ടുമായി പോര്‍ട്ടീസ് ആരാധകരും ഗ്യാലറിയില്‍ നിറയുകയാണ്.

ഇപ്പോഴിതാ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറോടുള്ള അമര്‍ഷം അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ആരാധകരിലൊരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. പുറത്തായതിന് പിന്നാലെ പവലിയനിലേക്ക് മടങ്ങിയ വാര്‍ണര്‍ക്ക് സെന്റ് ഓഫ് നല്‍കുന്ന ആരാധകന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

കഗിസോ റബാഡയുടെ പന്തിലായിരുന്നു വാര്‍ണര്‍ പുറത്തായത്. റബാഡയെ വാര്‍ണര്‍ കണക്കിന് പ്രഹരിച്ചതിന് പിന്നാലെയായിരുന്നു പുറത്താകല്‍. റബാഡയുടെ രണ്ട് ഓവറില്‍ നിന്നു മാത്രമായി വാര്‍ണര്‍ 24 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ശക്തമായി തിരിച്ചു വന്ന റബാഡ വാര്‍ണറെ പുറത്താക്കുകയായിരുന്നു.

വാര്‍ണറുടെ വിക്കറ്റെടുത്തെങ്കിലും യാതൊരു വിധ ആഘോഷവും റബാഡയുടെ ഭാഗത്തു നിന്നുമുണ്ടായില്ല. എന്നാല്‍ ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയ വാര്‍ണര്‍ക്ക് ഗ്യാലറിയില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ആരാധകരിലൊരാള്‍ അരികിലെത്തി സെന്റ് ഓഫ് നല്‍കുകയായിരുന്നു. താരത്തോട് ഇയാള്‍ എന്തോ പറയുന്നതായും വീഡിയോയില്‍ കാണാം.

തിരിഞ്ഞു നിന്ന് മറുപടി പറയന്‍ വാര്‍ണര്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇടപെട്ട് താരത്തെ തടയുകയായിരുന്നു. ആരാധകന്‍ എന്താണ് വാര്‍ണറോട് പറഞ്ഞത് എന്നത് വ്യക്തമല്ല.

വീഡിയോ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook