scorecardresearch

കോവിഡ് 19: ഇന്ത്യയിൽ നിന്ന് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പരമ്പര തന്നെ ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കൻ ടീം നാട്ടിലേക്ക് മടങ്ങിയത്

കോവിഡ് 19: ഇന്ത്യയിൽ നിന്ന് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ നിരീക്ഷണത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ പര്യടനം പാതിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങളോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം. 14 ദിവസത്തെ സ്വയം ക്വാറന്റീനിൽ പ്രവേശിക്കാനാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും ആരോഗ്യ വിദഗ്ധരും നിർദേശിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പരമ്പര തന്നെ ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കൻ ടീം നാട്ടിലേക്ക് മടങ്ങിയത്.

ദക്ഷിണാഫ്രിക്കൻ താരങ്ങൾ എല്ലാവരും സ്വയം ക്വാറന്റീൻ എടുക്കാനും, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്ന സാഹചര്യത്തിൽ പരിശോധനയ്ക്ക് വിധേയമാകാനും ദക്ഷിണാഫ്രിക്കൻ ടീമിന്റെ മുഖ്യ മെഡിക്കൽ ഓഫീസർ ഡോ.ഷുഹൈബ് മഞ്ജര അറിയിച്ചു.

Also Read: യുവന്റസ് താരം ബ്ലെയ്‌സ് മാറ്റ‌്യൂഡിക്ക് കോവിഡ്-19; താരം സെൽഫ് ഐസൊലേഷനിൽ

കൊറോണ ഭീതിയിൽ ഐപിഎൽ മത്സരങ്ങൾ മാറ്റിവച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ അവശേഷിക്കുന്ന ഏകദിന മത്സരങ്ങളും ഉപേക്ഷിച്ചത്. കൊൽക്കത്തയിലും ലക്‌നൗവിലും നടക്കാനിരുന്ന മത്സരങ്ങളാണ് ഉപേക്ഷിച്ചത്. നേരത്തെ ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ചായിരുന്നു ബിസിസിഐ മത്സരം കാണികളില്ലാതെ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങൾ ഉപേക്ഷിക്കുന്നതിലേക്ക് ബിസിസിഐ എത്തുകയായിരുന്നു.

Also Read: കോവിഡ് 19: ജപ്പാന്റെ ലക്ഷ്യം സമ്പൂര്‍ണ ഒളിമ്പിക്‌സ് തന്നെയെന്ന് മന്ത്രി

ബിസിസിഐ തീരുമാനമെത്തിയതിന് പിന്നാലെ തന്നെ പ്രൊട്ടിയാസ് താരങ്ങൾ നാട്ടിലേക്ക് തിരിച്ചു. രണ്ടാം ഏകദിനത്തിനായി കൊൽക്കത്തയിൽ എത്തിയപ്പോഴായിരുന്നു മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം. മടക്കയാത്രയിൽ ചില താരങ്ങൾ മാസ്ക് ഉൾപ്പടെയുള്ള മുൻകരുതലുകളും എടുത്തിരുന്നു. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷമാണ് താരങ്ങളെ വിമാനത്തിനുളളിൽ പ്രവേശിപ്പിച്ചതും.

ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് കായിക മേഖലയെയും കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഐപിഎല്ലിന് പിന്നാലെ കോപ്പാ അമേരിക്ക, യൂറോ കപ്പ് ഉൾപ്പടെയുള്ള ടൂർണമെന്റുകളും മാറ്റിവച്ചിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: South african cricketers told to self isolate after returning from aborted india tour