ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് നാണംകെട്ട തോൽവി. 322 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ തകർത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 425 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ കേവലം 103 റൺസിന് പുറത്താവുകയായിരുന്നു. ജയത്തോടെ ദക്ഷിണാഫ്രിക്ക നാല് മത്സരങ്ങളുളള പരമ്പരയിൽ 2-1 ന് മുന്നിലെത്തി.

പന്തിൽ കൃതൃമത്വം കാട്ടി ദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ ശ്രമിച്ച സ്റ്റീവ് സ്മിത്തും സംഘവും കൈയ്യോടെ പിടിക്കെപ്പെട്ട മത്സരമായിരുന്നു കേപ്ടൗണിലേത്. നാലാം ദിനം കളത്തിൽ ഇറങ്ങും മുൻപ് സ്റ്റീഫ് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഡേവിഡ് വാർണ്ണറിന് ഉപ നായകൻ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റേയും, ക്വിന്റൺ ഡിക്കോക്കിന്റേയും, ഫിലാണ്ടറുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയക്ക് 425 എന്ന കൂറ്റൻ വിജയലക്ഷ്യം സമ്മാനിച്ചത്. ഡിവില്ലിയേഴ്സ് 63ഉം, ഡിക്കോക്ക് 65ഉം, ഫിലാണ്ടർ 52 റൺസുമാണ് നേടിയത്.

റെക്കോഡ് വിജയലക്ഷ്യം തേടി ഇറങ്ങിയ കങ്കാരുപ്പട മികച്ച തുടക്കമാണ് നേടിയത്. ആദ്യ വിക്കറ്റിൽ 57​ റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി വിവാദ താരം ബാൻകോഫ്റ്റും ഡേവിഡ് വാർണ്ണറും കരുതലോടെ തുടങ്ങി. എന്നാൽ സാഹസീകമായൊരു റണ്ണൗട്ടിലൂടെ ബാൻകോഫ്റ്റിനെ( 26) പുറത്താക്കി നായകൻ ഡുപ്ലിസി കങ്കാരുവേട്ടയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണ്ണറെ(32) വീഴ്ത്തി റബാഡ ഓസ്ട്രേലിയയെ വിറപ്പിച്ചു. പിന്നാലെ ഓസ്ട്രേലിയ കങ്കാരുപ്പട ചീട്ട് കൊട്ടാരം പോലെ വീഴുകയായിരുന്നു.

നാലാമനായി ക്രീസിൽ എത്തിയ നായകൻ സ്റ്റീഫ് സ്മിത്തിനെ ദക്ഷിണാഫ്രിക്കൻ ആരാധകർ കൂകി വിളിയോടെയാണ് സ്വീകരിച്ചത്. 7 റൺസ് മാത്രം എടുത്ത സ്മിത്തിനെ മോർക്കൽ മടക്കിയപ്പോൾ മത്സരം വിജയിച്ച ആവേശയമായിരുന്നു ദക്ഷിണാഫ്രിക്കൻ​ താരങ്ങൾക്കും ആരാധകർക്കും. 5 വിക്കറ്റ് വീഴ്ത്തി മോണി മോർക്കലും, 2 വിക്കറ്റ് വീഴ്ത്തി കേശവ് മഹാരാജും ദക്ഷിണാഫ്രിക്കയെ തകർത്ത് വിടുകയായിരുന്നു. സ്കോർ ബോർഡിൽ 103 റൺസ് മാത്രമെ കങ്കാരുപ്പടയ്ക്ക് നേടാനായുളളു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ