ഡർബൻ: ഒന്നാം ഏകദിനത്തിൽ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെ ഓസീസ് താരങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ ഗ്രെയിം സ്‌മിത്ത് രംഗത്ത്. ഒന്നാം ടെസ്റ്റിൽ ഓസീസ് താരങ്ങളുടെ അതിരുവിട്ട വിജയാഹ്ലാദമാണ് മുൻ നായകനെയും ചൊടിപ്പിച്ചത്. വാർണറെ അനുകൂലിച്ച ഗിൽക്രിസ്റ്റിന്റെ ട്വീറ്റിന് മറുപടിയായാണ് സ്മിത്തിന്റെ വിമർശനം വന്നത്.

വാർണറെയും നതാൻ ലിയോനിയെും വിമർശിച്ചാണ് ദക്ഷിണാഫ്രിക്കൻ മുൻ താരം രംഗത്ത് വന്നത്. വാർണറെ “മണ്ടൻ”, എന്ന് വിളിച്ച സ്‌മിത്ത് നതാൻ ലിയോൻ തന്റെ പ്രവൃത്തിയിൽ ദുഃഖിക്കണമെന്നും അഭിപ്രായപ്പെട്ടു. രണ്ടാം ഇന്നിങ്സിൽ റണ്ണൊന്നുമെടുക്കാതെ റണ്ണൗട്ടായ ഡിവില്ലിയേഴ്സ് വീണുകിടക്കെ ഇദ്ദേഹത്തിന് നേർക്ക് ലിയോൻ പന്തെറിയുകയായിരുന്നു. സോറി പറഞ്ഞ് പിന്നീട് ലിയോൻ പന്തെടുത്തു.

സംഭവത്തിൽ ഐസിസി ലിയോനെതിരെ നടപടി സ്വീകരിച്ചിരുന്നു. പിഴയ്ക്ക് പുറമേ താരത്തിന്റെ കരിയർ പോയിന്റ് ഒന്ന് കുറയ്ക്കാനും ഐസിസി അച്ചടക്ക സമിതി തീരുമാനിച്ചു.

“വിജയത്തിലേക്ക് നീങ്ങിയ ഓസീസ് താരങ്ങൾ തീക്കളിയാണ് കളിച്ചത്. ലിയോനൊക്കെ മുതിർന്ന താരങ്ങളാണ്. എനിക്ക് തോന്നുന്നത് അദ്ദേഹം അതിൽ ആത്മാർത്ഥമായി ഖേദിക്കുമെന്നാണ്. വാർണറെ ഞങ്ങൾ കുറേക്കാലമായി കാണുന്നുണ്ട്. അയാളെ മൈന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അയാൾ ഇടയ്ക്ക് ഒക്കെ മണ്ടനാണ്. അയാളെ അയാളുടെ വഴിക്ക് വിടുന്നതാണ് നല്ലത്,” ഗ്രെയിം സ്‌മിത്ത് ക്രിക്കറ്റ് ഡോട് കോം ഓസ്ട്രേലിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ ഇതിന് മറുപടിയുമായി ട്വിറ്ററിലെത്തിയ ഗിൽക്രിസ്റ്റ് “ഡർബനിൽ നടന്നത് ഏറ്റവും മോശം സംഭവങ്ങളാണ്. വാർണർക്കെതിരെ വളരെ മോശമായ എന്തെങ്കിലും പറയാതെ അദ്ദേഹം അങ്ങിനെ പെരുമാറില്ല. ഇത് നല്ലതല്ല,” ഗിൽക്രിസ്റ്റ് കുറിച്ചു. അതേസമയം ട്വിറ്ററിൽ ഇതിന് മറുപടി നൽകിയ സ്മിത്ത് ഗിൽക്രിസ്റ്റിനെയും വാർണറെയും ഒരേ പോലെ കളിയാക്കി.

“ഗിൽക്രിസ്റ്റ്, വാർണർ ഇവരൊക്കെ പലപ്പോഴും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിരുകടന്ന് പെരുമാറുന്നവരാണ്. ചിലപ്പോഴെങ്കിലും ആരെങ്കിലും അതിനെ എതിർത്താൽ അതിശയിക്കാനൊന്നും ഇല്ല. തന്റെ പെരുമാറ്റത്തിൽ സന്തോഷിക്കുന്നവർ അതിനുളള മറുപടിയും ഏറ്റുവാങ്ങണം. ഇരുവശത്തും അങ്ങിനെ തന്നെ! പക്ഷെ സമ്മതിക്കുന്നു, ഇത് നല്ലതല്ല.” സ്മിത്ത് ട്വിറ്ററിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ