തിരുവനന്തപുരം: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ചതുർദിന മത്സരത്തിന്റെ രണ്ടാം ദിനവും ഇന്ത്യൻ ആഥിപത്യം. ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീം ഉയർത്തിയ 152 റൺസിന്റെ ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യ 395 റൺസാണ് നേടിയത്. ഇതോടെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 243 റൺസിന്റെ ലീഡ് നേടി. യഷ്‌സ്‌വിയും വൈഭവും നേടിയ തകർപ്പൻ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യൻ കുതിപ്പ്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ച നേരിടുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 50 റൺസെടുത്തിട്ടുണ്ട്. നേരത്തെ ആദ്യ ഇന്നിങ്സിൽ 152 റൺസിനാണ് ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിനെ ഇന്ത്യൻ അണ്ടർ 19 ടീം പുറത്താക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാനിഷിയുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്കോറിൽ പുറത്താക്കാൻ ഇന്ത്യയെ സഹായിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് 34.5 ഓവറിൽ അവസാനിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ദിവ്യാൻഷിന്റെയും മലയാളി താരം വത്സലിന്റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വത്സൽ 25 റൺസെടുത്താണ് പുറത്തായത്. എന്നാൽ ഓപ്പണർ യഷ്‌സ്‌വി മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മികച്ച സ്കോറിലേയ്ക്ക് നീങ്ങി. 220 പന്തുകൾ നേരിട്ട താരം 173 റൺസാണ് അടിച്ചെടുത്തത്. ഒരു സിക്സും 24 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു യഷ്‌സ്‌വിയുടെ ഇന്നിങ്സ്. ആറാം വിക്കറ്റിൽ യഷ്‌സ്‌വിയ്ക്ക് ഒപ്പം ചേർന്ന വൈഭവും തകർത്തടിച്ചു. 172 പന്തുകൾ നേരിട്ട വൈഭവ് 120 റൺസ് നേടി.

രണ്ട് താരങ്ങളുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. അവസാന വിക്കറ്റുകളിൽ അൻഷുൽ കംബോജിന്റെ പ്രകടനവും ശ്രദ്ധ നേടി. 34 പന്തുകൾ നേരിട്ട കംബോജ് 30 റൺസാണ് സ്വന്തമാക്കിയത്. ഇതിൽ തന്നെ നാല് സിക്സറുകളും ഒരു ഫോറും ഉൾപ്പെടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ