കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. ദക്ഷിണാഫ്രിക്ക ഉയർത്തി 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 137 റൺസിന് പുറത്തായി. 6 വിക്കറ്റ് വീഴ്ത്തിയ വെർനോൻ ഫിലാണ്ടറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. ബാറ്റിങ്ങ് നിര പരാജയപ്പെട്ടതാണ് ഇന്ത്യക്ക് വിനയായത്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാടകീയമായാണ് തോൽവി വഴങ്ങിയത്. പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ വാലറ്റക്കാർ ജയത്തിനായി പൊരുതാൻ എങ്കിലും ശ്രമിച്ചു. സ്കോർ 30ൽ നിൽക്കെ ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായിരുന്നു. 13 റൺസ് എടുത്ത മുരളി വിജയെ ഫിലാണ്ടറും 16 റൺസ് എടുത്ത ധവാനെ മോർക്കലുമാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ പൂജാര പെട്ടന്ന് മടങ്ങിയതോടെ ഇന്ത്യ വിറച്ചു. പിന്നീട് വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യയെ തിരിച്ച് കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ 28 റൺസ് എടുത്ത കോഹ്‌ലിയെ മടക്കി ഫിലാണ്ടർ പ്രതിരോധത്തിലാക്കി.

പിന്നാലെ രോഹിത് ശർമ്മയും(15) , വൃദ്ധമാൻ സാഹയും(8) മടങ്ങിയതോടെ ഇന്ത്യ പ്രതീക്ഷ കൈവിട്ടു.​ കഴിഞ്ഞ മത്സരത്തിലെ താരം ഹർദ്ദിഖ് പാണ്ഡ്യക്ക് 1 റൺസ് മാത്രമാണ് എടുക്കാനായത്. വാലറ്റത്ത് രവിചന്ദൻ അശ്വിനും, ഭുവനേശ്വർ കുമാറും ചേർന്ന് അടിച്ച് കൂട്ടിയ 49 റൺസ് ഇന്ത്യയുടെ പരാജയഭാരം കുറച്ചു. അവസാന മൂന്ന് വിക്കറ്റുകൾ പിഴുത് ഫിലാണ്ടർ ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. 42 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഫിലാണ്ടറാണ് കളിയിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ