ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഡിസംബർ 26ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടു വർഷങ്ങൾക്ക് ശേഷം ഫാസ്റ്റ് ബോളർ ഡുവാൻ ഒലിവിയർ ടെസ്റ്റ് സ്ക്വാഡിൽ തിരിച്ചെത്തി. കാഗിസോ റബാഡ, ആൻറിച്ച് നോർക്യേ എന്നിവരടങ്ങുന്ന ഫാസ്റ്റ് ബോളിങ് നിരയിൽ ഒലിവിയർ കൂടിയെത്തുമ്പോൾ കൂടുതൽ കരുത്തുറ്റതാകും.
29 -കാരനായ ഡ്വെയ്ൻ ദക്ഷിണാഫ്രിക്കയ്ക്കായി 10 ടെസ്റ്റ് മത്സരങ്ങളും രണ്ടു ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. കളിച്ച 10 ടെസ്റ്റിൽ നിന്നും 48 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. ശ്രീലങ്കക്ക് എതിരെ 2019 ഫെബ്രുവരിയിൽ നടന്ന പരമ്പരയിലാണ് ഡുവാൻ ഒലിവിയർ അവസാനമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചത്.
“സെലക്ടർമാർ എന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ മടങ്ങിവരവിൽ ഞങ്ങൾ വളരെ ആവേശത്തിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് വളരെ പ്രധാനപ്പെട്ട ഫോർമാറ്റാണ് ഇത്, അതിനെ എന്നും സജീവമായും പ്രാധാന്യമുള്ളതായും നിലനിർത്തുക എന്നതാണ് സംഘടനയുടെ പ്രധാന മുൻഗണന” ദക്ഷിണാഫ്രിക്കയുടെ സെലക്ടേഴ്സ് കൺവീനർ വിക്ടർ പിറ്റ്സാങ് പറഞ്ഞു.
“ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് ടേബിളിൽ കുറച്ചു പോയിന്റുകൾ കണ്ടെത്തുന്നതിനും പ്രധാനപ്പെട്ട പരമ്പരയാണിത്, ഇവർ സ്വന്തം മണ്ണിൽ നല്ല പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സെലക്ടർമാരുടെ പ്രതിനിധി എന്ന നിലയിൽ ഡീൻ എൽഗർ, മാർക്ക് ബൗച്ചർ, ടീമംഗങ്ങൾ എല്ലാവർക്കും ആശംസകൾ നേരുന്നു.” അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്ക ടെസ്റ്റ് സ്ക്വാഡ്
ഡീൻ എൽഗർ (ക്യാപ്റ്റൻ), ടെംബ ബവുമ (വൈസ് ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), കാഗിസോ റബാഡ, സാരെൽ എർവി, ബ്യൂറാൻ ഹെൻഡ്രിക്സ്, ജോർജ്ജ് ലിൻഡെ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, ആൻറിച്ച് നോർക്യേ, കീഗൻ പീറ്റേഴ്സൺ, റാസി വാൻ ഡെർ ഡ്യൂസെൻ, കെയ്ൽ വെറെയ്നെ, മാർക്കോ ജാൻസെൻ, ഗ്ലെന്റൺ സ്റ്റൂർമാൻ, പ്രെനെലൻ സുബ്രയെൻ, സിസാൻഡ മഗല, റയാൻ റിക്കൽട്ടൺ, ഡുവാൻ ഒലിവിയർ
മത്സരക്രമം
ആദ്യ ടെസ്റ്റ്: 26-30 ഡിസംബർ 2021 (സൂപ്പർസ്പോർട്ട് പാർക്ക്, സെഞ്ചൂറിയൻ)
രണ്ടാം ടെസ്റ്റ്: 3-7 ജനുവരി 2022 (വാണ്ടറേഴ്സ്, ജോഹന്നാസ്ബർഗ്)
മൂന്നാം ടെസ്റ്റ്: 11-15 ജനുവരി 2022 (ന്യൂലാൻഡ്സ്, കേപ്ടൗൺ)