ഓരോ ഏകദിനം കഴിയുന്തോറും ഇന്ത്യൻ സ്‌പിന്നർമാരുടെ മുന്നിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ തകർന്നടിയുകയാണ്. സ്‌പിന്നർമാരായ കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാർക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുന്നത്. നാലാം ഏകദിനത്തിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നം കൂടിയാണ് ഈ രണ്ടു യുവ ബോളർമാർ.

കുൽദീപിന്റെയും ചാഹലിന്റെയും സ്‌പിൻ ബോളിങ്ങിനെ നേരിടാൻ ഒടുവിൽ ഇന്ത്യൻ വംശജനായ സ്‌പിന്നറുടെ സഹായം തേടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. നാലാം ഏകദിനത്തിന് മുന്നോടിയായുളള പരിശീലനത്തിൽ നെറ്റ്‌സിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ബോളെറിഞ്ഞത് ഓഫ് സ്‌പിന്നർ അജയ് രാജ്പുട് ആണ്.

മധ്യപ്രദേശ് സ്വദേശിയായ അജയ് 2013-14 സീസണിലെ രഞ്ജി ട്രോഫി മൽസരങ്ങളിൽ കളിച്ചിട്ടുണ്ട്. ജൊഹന്നാസ്ബഗ് പ്രീമിയർ ലീഗിലാണ് അജയ് ഇപ്പോൾ കളിക്കുന്നത്. കഴിഞ്ഞ വർഷമായി അജയ് ലീഗിൽ കളിക്കുന്നുണ്ട്. ലീഗിൽ കളിക്കുന്ന സ്‌പിന്നർമാരിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയതും അജയ് ആണ്. 400 വിക്കറ്റുകളാണ് അജയ് ഇതിനോടകം വീഴ്ത്തിയത്.

നെറ്റ്‌സിൽ മർക്രാം, ഡുമിനി, അംല തുടങ്ങിയ താരങ്ങൾക്കായാണ് അജയ് നെറ്റ്‌സിൽ പന്തെറിഞ്ഞത്. കുൽദീപും ചാഹലും വളരെ വേഗം കുറച്ചാണ് പന്തെറിയുന്നത്. കഴിവതും വേഗതയിൽ കുറച്ച് ബോളെറിയാനാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ തന്നോട് ആവശ്യപ്പെട്ടതെന്ന് അജയ് രാജ്പുട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ