ഓക്കലൻഡ് : അവസാന ഏകദിനത്തിൽ ന്യൂസിലാൻഡിന് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് ജയം. ഇതോടെ 5 മത്സരങ്ങളുള്ള പരമ്പര ദക്ഷിണാഫ്രിക്ക 3-2 ന് സ്വന്തമാക്കി. ന്യൂസിലാൻഡിനെതിരായ പരമ്പര സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ പിന്തള്ളി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയക്ക് 118 പോയിന്രായിരുന്നു​ ഉണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കും 119 പോയിന്റും ഉണ്ട്.

നിർണ്ണായകമായ അവസാന​ ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ കങ്കീസോ റബാഡയും ഇമ്രാൻ താഹിറും ദക്ഷിണാഫ്രിക്കയെ നിലം തൊടാൻ അനുവദിച്ചില്ല. 149 റൺസ് മാത്രമാണ് ന്യൂസിലാൻഡിന് എടുക്കാനായത്. 32 റൺസ് എടുത്ത വാലറ്റക്കാരൻ ഗ്രാൻഡ്സ്ഹോമാണ് ന്യൂസിലാൻഡിന്റെ ടോപ് സ്കോറർ. റബാഡ 3 വിക്കറ്റും ഇമ്രാൻ താഹിർ 4 വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ 3 വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും നായകൻ ഫാഫ് ഡുപ്ലിസി ഉറച്ചു നിന്നു. 51 റൺസ് എടുത്ത് പുറത്താകാതെ നിന്ന നായകൻ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. 45 റൺസ് എടുത്ത ഡേവിഡ് മില്ലർ നായകന് മികച്ച പിന്തുണയാണ് നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ