തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്ക് തോല്‍വി. നാല് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. മഴ മൂലം ഇന്നലെ നിര്‍ത്തി വച്ച കളി ഇന്ന് പുനരാരംഭിക്കുകയായിരുന്നു. 25 ഓവറില്‍ 193 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഇന്നിങ്‌സ് 188 ല്‍ അവസാനിച്ചു. അവസാന പന്തില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നു.
ഒരു റണ്‍സെടുത്ത് പുറത്തായ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. 52 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. പ്രശാന്ത് ചോപ്ര 26 റണ്‍സും ശ്രേയസ് അയ്യര്‍ 26 റണ്‍സുമെടുത്തു. ശിവും ദൂബെ 31 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
Read More: ഇന്ത്യ എയ്ക്ക് ലക്ഷ്യം 25 ഓവറില്‍ 193, ഇന്ത്യ 56-1 ല്‍; ‘മഴക്കളി’യില്‍ ഇന്നിത്ര, ബാക്കി നാളെ
ആന്റിച്ച് നോര്‍ജെ, മാര്‍കോ ജാന്‍സണ്‍, ലുതോ സിംപാല എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീതം നേടി. ഇന്നലെ കളി മതിയാക്കുമ്പോള്‍ ഇന്ത്യ 7.4 ഓവറില്‍ 56-1 എന്ന നിലയിലായിരുന്നു. സീനിയര്‍ താരം ശിഖര്‍ ധവാന്‍ മികച്ച തുടക്കം നല്‍കി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 22-ാം ഓവറില്‍ എത്തി നില്‍ക്കെ മഴ വില്ലനായി എത്തുകയായിരുന്നു. ഇതോടെ കളി 25 ഓവറാക്കി ചുരുക്കി. 25 ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 137 റണ്‍സെടുക്കാനേ സാധിച്ചുളളൂ. എന്നാല്‍ മഴ നിയമം മൂലം ഇന്ത്യയുടെ വിജയലക്ഷ്യം 193 റണ്‍സായി. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങിയത് 70 പന്തില്‍ 60 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്സാണ്. ക്ലാസന്‍ 12 പന്തില്‍ 21 റണ്‍സുമെടുത്തു.