scorecardresearch
Latest News

സൗരവ് ഗാംഗുലി ഇനി ഇന്‍സ്റ്റഗ്രാമിലും; ജന്മദിനത്തില്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

ഇന്ന് ഗാംഗുലിയുടെ 47-ാം ജന്മദിനമാണ്

സൗരവ് ഗാംഗുലി ഇനി ഇന്‍സ്റ്റഗ്രാമിലും; ജന്മദിനത്തില്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഇനി ഇന്‍സ്റ്റഗ്രാമിലും. തന്റെ ജന്മദിന ദിവസമാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ ഉള്ള ക്രിക്കറ്റ് പ്രേമികള്‍ക്കും ഗാംഗുലിയുടെ ആരാധകര്‍ക്കും സന്തോഷവാര്‍ത്തയായി ഇന്‍സ്റ്റഗ്രാം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് ഗാംഗുലിയുടെ 47-ാം ജന്മദിനമാണ്.

Read Also: 56 ഇഞ്ച് നെഞ്ചളവിന്, ദാദയ്ക്ക് പിറന്നാള്‍ ആശംസകള്‍: വീരേന്ദര്‍ സെവാഗ്

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരാധകരിലേക്ക് എത്തിക്കാനാണ് ഇന്‍സ്റ്റഗ്രാമിലും താരം ആക്ടീവായിരിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതിനാണ് താന്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നതെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. ഇതുവരെ ഗാംഗുലിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നില്ല. നേരത്തെ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വിരാട് കോഹ്‌ലിക്കെതിരെ ഗാംഗുലി വിമര്‍ശനം ഉന്നയിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, തനിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്ല എന്നും വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും ഗാംഗുലി തന്നെ നേരിട്ട് വ്യക്തമാക്കുകയായിരുന്നു.

സൗരവ് ഗാംഗുലിയുടെ ജന്മദിനമായ ഇന്ന് നിരവധി പേരാണ് ഇന്ത്യയുടെ ദാദയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. രസകരമായ രീതിയിലാണ് വീരേന്ദര്‍ സെവാഗ് ഗാംഗുലിക്ക് ആശംസകള്‍ നേര്‍ന്നത്.  ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ഗാംഗുലിയാണ് വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, എം.എസ്.ധോണി എന്നീ താരങ്ങളെ അവതരിപ്പിച്ചത്.

56 ഇഞ്ച് നെഞ്ചളവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് വിരേന്ദര്‍ സെവാഗ് കുറിച്ചിരിക്കുന്നത്. 2002 ല്‍ ലോര്‍ഡ്‌സില്‍ അവസാന ഏകദിന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര നേടിയപ്പോള്‍ സൗരവ് ഗാംഗുലി ഷര്‍ട്ട് വലിച്ചൂരി കൈയ്യില്‍ ചുഴറ്റിയത് ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. ഗാംഗുലി ഷര്‍ട്ട് വലിച്ചൂരി കൈയ്യില്‍ പിടിച്ചിരിക്കുന്ന ആ ചിത്രം ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രം തന്നെയാണ് സെവാഗും പങ്കുവച്ചിരിക്കുന്നത്. ഷര്‍ട്ട് ഊരുന്നതിന് തൊട്ടുമുമ്പ് വിവിഎസ് ലക്ഷ്മണ്‍ തന്നെ തടയാന്‍ ശ്രമിച്ചിരുന്നു എന്നാണ് ഗാംഗുലി പിന്നീട് പറഞ്ഞത്.

‘എന്റെ ഇടതുവശത്തായി ലക്ഷ്മണും പുറകിലായി ഹര്‍ഭജന്‍ സിങ്ങുമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ടി ഷര്‍ട്ട് ഊരാന്‍ തുടങ്ങിയപ്പോള്‍ തന്നെ അത് ചെയ്യരുത്, അത് ചെയ്യരുത് എന്ന് ലക്ഷ്മണ്‍ പറയുന്നുണ്ടായിരുന്നു. ഞാന്‍ ഷര്‍ട്ട് ഊരിക്കഴിഞ്ഞപ്പോള്‍ ലക്ഷ്മണ്‍ എന്നോട് ചോദിച്ചു, ഞാന്‍ ഇപ്പോള്‍ എന്താ ചെയ്യുക? നീയും ഷര്‍ട്ട് ഊരിക്കോളാന്‍ ഞാന്‍ പറഞ്ഞു’, ഗാംഗുലി വെളിപ്പെടുത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sourav opens instagram account on birthday dada indian cricket team