ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മൽസരവും തോറ്റ് പരമ്പര കൈവിട്ടതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കുനേരെ വിമർശനങ്ങൾ ഉയരുകയാണ്. കോഹ്‌ലിയുടെ ക്യാപ്റ്റൻസിയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുമ്പോൾ താരത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ടീമിന് ഊർജം പകരാൻ വേണ്ടതെന്താണെന്ന ഉപദേശവും കോഹ്‌ലിക്ക് നൽകിയിട്ടുണ്ട് ദാദ.

”കുറ്റപ്പെടുത്തലുകളെക്കാൾ കളിക്കാരുടെ കഴിവിനെ കണ്ടെത്തുകയാണ് പ്രധാനം. ചേതേശ്വർ പൂജാര, രഹാനെ, കെ.എൽ.രാഹുൽ എന്നിവരുടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ബാറ്റിങ് ശൈലി അവർ 10 മടങ്ങ് മികച്ച ക്രിക്കറ്റ് താരങ്ങളാണാണെന്ന് തെളിയിക്കുന്നതാണ്. ഈ കളിക്കാരിൽനിന്നും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് കോഹ്‌ലിയാണ്. ഇത് ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്തമാണ്”, ഗാംഗുലി പറഞ്ഞതായി ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു.

”ക്യാപ്റ്റൻ കളിക്കാരന്റെ തോളിൽ കൈവച്ച് ഈ കളി ജയിപ്പിക്കാൻ നിനക്ക് കഴിയുമെന്ന് പറഞ്ഞാൽ അയാളുടെ പ്രകടനം താനെ മെച്ചപ്പെടും. അതിനുളള സാഹചര്യം അവിടെ ഉണ്ടാകണം. താരങ്ങളുടെ കഴിവു കണ്ടെത്തുകയാണ് പ്രധാനം”, ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ അഞ്ചു മൽസരങ്ങളിൽനിന്നായി 593 റൺസാണ് കോഹ്‌ലി നേടിയത്. ഇതിൽ രണ്ടു സെഞ്ചുറിയും മൂന്നു അർധ സെഞ്ചുറികളുമുണ്ട്.

ഇംഗ്ലണ്ട് പര്യടനം പൂർത്തിയാക്കിയ ഇന്ത്യൻ ടീം ഏഷ്യ കപ്പിനുളള തയ്യാറെടുപ്പിലാണ്. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. കോഹ്‌ലിക്കുപകരം രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ