ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായിരിക്കുന്ന സ്നേഹാശിഷ് ഗാംഗുലിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. കുടുംബത്തിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻ രഞ്ജി ക്രിക്കറ്റ് താരം കൂടിയാണ് ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷ് ഗാംഗുലി.

സ്നേഹാശിഷിന്റെ ഭാര്യ, ഭാര്യ മാതാവ്, പിതാവ് എന്നിവിർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചതായി ഫിനാൻഷ്യൽ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരോടൊപ്പം വീട്ടിൽ ഒരു ജോലിക്കാരനും രോഗം സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

Also Read: കോവിഡ് ബാധിതരുടെ എണ്ണത്തിൽ അതിവേഗ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ 14,000 ത്തിലേറെ പോസിറ്റീവ് കേസുകൾ

രോഗം സ്ഥിരീകരിച്ചവരെല്ലാം കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് മറ്റൊരു പരിശോധന കൂടി നടത്തിയ ശേഷം മാത്രമായിരിക്കും ഇവരെ വീട്ടിലേക്ക് അയയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകുക.

Also Read: വിടവാങ്ങൽ മത്സരത്തിൽ സച്ചിൻ പുറത്തായപ്പോൾ കണ്ണ് നിറഞ്ഞ യൂണിവേഴ്സൽ ബോസ്; ഗെയ്‌ലിനെക്കുറിച്ച് സഹതാരം

നേരത്തെ പാക്കിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. മുൻ നായകനും ഓൾറൗണ്ടറുമായ അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. “വ്യാഴാഴ്ച മുതൽ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ ആവശ്യമാണ്, ഇൻഷാ അല്ലാഹ്,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,516 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 375 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,95,048 ആയി, മരണസംഖ്യ 12,948 ആയി ഉയർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook