ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ലോകം ദാദയെന്ന് വിളിക്കുന്ന ഗാംഗുലിയെ സച്ചിന്‍ വിശേഷിപ്പിച്ചിരിക്കുന്നത് ‘ദാദി’ എന്നാണ്. വികാര നിര്‍ഭരമായാണ് സച്ചിന്‍ ഗാംഗുലിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. “ഹാപ്പി ബര്‍ത്ത് ഡേ ദാദീ! അണ്ടര്‍ 15 ക്രിക്കറ്റ് മുതല്‍ ഇപ്പോള്‍ കമന്ററി ബോക്‌സില്‍ വരെ നിങ്ങള്‍ക്കൊപ്പമുണ്ട്. അതൊരു മനോഹര യാത്രയാണ്. ഒരു നല്ല വര്‍ഷം ആശംസിക്കുന്നു” – സച്ചിന്‍ ട്വീറ്റ് ചെയ്തു. സൗരവ് ഗാംഗുലിക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ചാണ് സച്ചിന്‍ ദാദയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളായ സൗരവ് ഗാംഗുലിക്ക്, ആരാധകരുടെ പ്രിയപ്പെട്ട ദാദയ്ക്ക് ഇന്ന് 47-ാം ജന്മദിനമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ഗാംഗുലിയാണ് വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, എം.എസ്.ധോണി എന്നീ താരങ്ങളെ അവതരിപ്പിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട നായകന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

56 ഇഞ്ച് നെഞ്ചളവിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് വിരേന്ദര്‍ സെവാഗ് കുറിച്ചിരിക്കുന്നത്. 2002 ല്‍ ലോര്‍ഡ്‌സില്‍ അവസാന ഏകദിന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര നേടിയപ്പോള്‍ സൗരവ് ഗാംഗുലി ഷര്‍ട്ട് വലിച്ചൂരി കൈയ്യില്‍ ചുഴറ്റിയത് ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. ഗാംഗുലി ഷര്‍ട്ട് വലിച്ചൂരി കൈയ്യില്‍ പിടിച്ചിരിക്കുന്ന ആ ചിത്രം ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രം തന്നെയാണ് സെവാഗും പങ്കുവച്ചിരിക്കുന്നത്. ഷര്‍ട്ട് ഊരുന്നതിന് തൊട്ടുമുമ്പ് വിവിഎസ് ലക്ഷ്മണ്‍ തന്നെ തടയാന്‍ ശ്രമിച്ചിരുന്നു എന്നാണ് ഗാംഗുലി പിന്നീട് പറഞ്ഞത്.

Read More: ‘ഷർട്ട് അഴിക്കരുതെന്ന് ലക്ഷ്‌മൺ പറഞ്ഞു, ഞാൻ കേട്ടില്ല’; ലോർഡ്സിലെ ദിനമോർത്ത് സൗരവ് ഗാംഗുലി

‘എന്റെ ഇടതുവശത്തായി ലക്ഷ്മണും പുറകിലായി ഹര്‍ഭജന്‍ സിങ്ങുമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ടി ഷര്‍ട്ട് ഊരാന്‍ തുടങ്ങിയപ്പോള്‍ തന്നെ അത് ചെയ്യരുത്, അത് ചെയ്യരുത് എന്ന് ലക്ഷ്മണ്‍ പറയുന്നുണ്ടായിരുന്നു. ഞാന്‍ ഷര്‍ട്ട് ഊരിക്കഴിഞ്ഞപ്പോള്‍ ലക്ഷ്മണ്‍ എന്നോട് ചോദിച്ചു, ഞാന്‍ ഇപ്പോള്‍ എന്താ ചെയ്യുക? നീയും ഷര്‍ട്ട് ഊരിക്കോളാന്‍ ഞാന്‍ പറഞ്ഞു’, ഗാംഗുലി വെളിപ്പെടുത്തി.

‘ഷര്‍ട്ട് ഊരാനുളള ചിന്ത പെട്ടെന്നാണ് എന്റെ മനസില്‍ ഉണ്ടായത്. അതിനു മുന്‍പ് വാങ്കഡെ സ്റ്റേഡിയത്തില്‍ 3-3 ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ് ചെയ്തത് പെട്ടെന്ന് ഞാനോര്‍ത്തു. ലോര്‍ഡ്‌സില്‍ എന്തുകൊണ്ട് എനിക്കത് ചെയ്തുകൂടായെന്ന് തോന്നി’. അന്ന് അങ്ങനെ ചെയ്തതില്‍ പിന്നീട് തനിക്ക് കുറ്റബോധം തോന്നിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞിട്ടുണ്ട്.

2000 മുതല്‍ 2005 കാലഘട്ടത്തിലാണ് ഗാംഗുലി ഇന്ത്യയുടെ നായകനായത്. കോഴ വിവാദത്തില്‍ തകര്‍ന്ന ടീം ഇന്ത്യയ്ക്ക് പുതിയ മുഖം നല്‍കാന്‍ ഗാംഗുലിക്ക് കഴിഞ്ഞു. ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ 2003 ലോകകപ്പ് ഫൈനല്‍ വരെയെത്തി. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകരില്‍ ഒരാളായാണ് ഗാംഗുലിയെ വിലയിരുത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook