ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ നിയമിച്ചതിനെതിരെ രംഗത്ത് വന്ന സെവാഗിനെ തളളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി. സെവാഗ് വിഡ്ഢിത്തം പറയുകയാണെന്ന് ഗാംഗുലി. ബിസിസിഐയില്‍ പിടിപാട് ഇല്ലാത്തതിനാലാണ് തന്നെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതെന്ന സെവാഗിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. “അതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. സെവാഗ് വിഡ്ഢിത്തമാണ് പുലമ്പുന്നത്”, ഗാംഗുലി പ്രതികരിച്ചു.

എന്നാല്‍ സെവാഗിനെതിരായ പരാമര്‍ശത്തില്‍ നിന്നും ഗാംഗുലി മലക്കം മറിഞ്ഞു. താന്‍ സെവാഗിനെ കുറിച്ച് അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തനിക്ക് പ്രിയപ്പെട്ടവനാണെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു. സെവാഗിനോട് ഉടന്‍ തന്നെ സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവിശാസ്ത്രിയെ തിരഞ്ഞെടുത്തതിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം സെവാഗ് പ്രതികരിച്ചത്. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ബിസിസിഐയെയും സെവാഗ് ആരോപണമുനയില്‍ നിര്‍ത്തുന്നുണ്ട്. എന്തുകൊണ്ട് കോച്ച് ആകാന്‍ പറ്റിയില്ലെന്ന ചോദ്യത്തിന് തനിക്ക് ബിസിസിഐയുമായി ഇടപാടില്ലായിരുന്നെന്ന് സെവാഗ് പറയുകയായിരുന്നു. രവിശാസ്ത്രിക്ക് ബിസിസിഐമായി ബന്ധമുള്ളതാണ് കോച്ചിന്റെ ജോലി ലഭിക്കാന്‍ ഇടയായതെന്ന് പരോക്ഷമായി സൂചിപ്പിച്ചാണ് സെവാഗിന്റെ ആരോപണം. കോഹ്‌ലി പറഞ്ഞിട്ടാണ് താന്‍ കോച്ചിന്റെ സ്ഥാനത്തിനായി അപേക്ഷിച്ചതെന്നും സെവാഗ് വെളിപ്പെടുത്തി.

താനൊരിക്കലും ഇനി ഇത്തരമൊരു തെറ്റ് ആവര്‍ത്തിക്കില്ലെന്ന് മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൂടിയായ സെവാഗ് പറഞ്ഞു. നേരത്തെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനിടെ ലണ്ടനില്‍വച്ച് ശാസ്ത്രിയുമായി സംസാരിച്ചിരുന്നു. കോച്ചിന്റെ സ്ഥാനത്തേക്ക് അന്ന് ശാസ്ത്രി അപേക്ഷിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അപേക്ഷിക്കാത്തതെന്ന ചോദ്യത്തിന് ഒരിക്കല്‍ ചെയ്ത തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നായിരുന്നു ശാസ്ത്രി മറുപടി പറഞ്ഞതെന്ന് സെവാഗ് പറഞ്ഞു.

കോച്ചിന്റെ ജോലി താന്‍ ആഗ്രഹിച്ചതല്ല. അപേക്ഷ നല്‍കാന്‍ കോഹ്‌ലി തന്നെ നിര്‍ബന്ധിച്ചു. കൂടാതെ ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയും എം.വി.ശ്രീധറും അപേക്ഷ നല്‍കാന്‍ പറഞ്ഞതോടെയാണ് താന്‍ ഏറെ ആലോചനകള്‍ക്കുശേഷം അപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്. അവര്‍ തന്നോട് അപേക്ഷിച്ചതിനാൽ അവരെ സഹായിക്കാന്‍ കഴിയുമെന്നായിരുന്നു താന്‍ കരുതിയതെന്ന് സെവാഗ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ