scorecardresearch

ടി20 നായകസ്ഥാനം ഒഴിയരുതെന്ന് വിരാട് കോഹ്‌ലിയോട് അഭ്യർത്ഥിച്ചിരുന്നു: സൗരവ് ഗാംഗുലി

കോഹ്‌ലിക്ക് കീഴിൽ ടീം നടത്തിയ മികച്ച പ്രകടനത്തെക്കുറിച്ച് ഗാംഗുലി സംസാരിച്ചു

കോഹ്‌ലിക്ക് കീഴിൽ ടീം നടത്തിയ മികച്ച പ്രകടനത്തെക്കുറിച്ച് ഗാംഗുലി സംസാരിച്ചു

author-image
Shamik Chakrabarty
New Update
Ganguly, WTC Final

ഫയൽ ചിത്രം

ടി20 നായകസ്ഥാനം ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഇപ്പോഴും ഇന്ത്യയുടെ വൈറ്റ് ബോൾ ക്യപ്റ്റനായി തുടർന്നേനെയെന്ന് സൗരവ് ഗാംഗുലി. കോഹ്ലി നായകസ്ഥാനം ഒഴിഞ്ഞതോടെ, കൂടുതൽ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായാണ് സെലക്ടർമാർ റെഡ്-ബോൾ, വൈറ്റ്-ബോൾ ഫോർമാറ്റുകളിലേക്ക് വ്യത്യസ്ത ക്യപ്റ്റന്മാരെ നിയോഗിക്കാൻ തീരുമാനിച്ചതെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു.

Advertisment

''ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ഞങ്ങൾ (ബിസിസിഐ) വിരാടിനോട് അഭ്യർത്ഥിച്ചിരുന്നു. ക്യാപ്റ്റനെ മാറ്റാൻ പദ്ധതിയില്ലായിരുന്നു. എന്നാൽ അദ്ദേഹം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു, അതോടെ പരിമിത ഓവർ ക്രിക്കറ്റിൽ ക്യാപ്റ്റൻസി വിഭജിക്കേണ്ടതില്ലെന്ന് സെലക്ടർമാർ തീരുമാനിച്ചു, പൂർണ്ണമായി വേർതിരിക്കാൻ തീരുമാനിച്ചു,” ഗാംഗുലി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഒരു ഐസിസി ടൂർണമെന്റിൽ പോലും വിജയിക്കാൻ കഴിയാത്തത് കോഹ്‌ലിയുടെ പരിമിത ഓവർ ക്യാപ്റ്റൻസിയെ സമ്മർദ്ദത്തിലാക്കിയെന്നും ടി 20 ലോകകപ്പിലെ ഫലം അതിൽ സ്വാധീനം ചെലുത്തുമെന്നും സംസാരമുണ്ടായിരുന്നു. എന്നാൽ എല്ലാ ഫോർമാറ്റിലും കോഹ്‌ലിയെ നിലനിർത്താൻ ആയിരുന്നു സെലക്ടർമാരുടെ തീരുമാനമെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

ഐസിസി ടൂർണമെന്റ് വിജയിച്ചില്ലെങ്കിലും, കോഹ്‌ലിക്ക് കീഴിൽ ടീം നടത്തിയ മികച്ച പ്രകടനത്തെക്കുറിച്ച് ഗാംഗുലി സംസാരിച്ചു. കോഹ്‌ലിയെ സഹായിക്കാൻ ടി20 ലോകകപ്പിൽ ടീം മെന്ററായി ധോണിയെ ബിസിസിഐ നിയമിച്ചിരുന്നു. എന്നാലും ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയായിരുന്നു. പക്ഷെ അതൊന്നും കോഹ്‌ലിയുടെ നായകസ്ഥാനത്തിന് വെല്ലുവിളി ആവില്ലായിരുന്നു.

Advertisment

എന്നാൽ ടി20 ക്യാപ്റ്റനായി തുടരാൻ കോഹ്ലി വിസമ്മതിച്ചതിനാൽ, സെലക്ടർമാർക്ക് എല്ലാ പരിമിത ഓവർ മത്സരങ്ങളിലേക്കും രോഹിത് ശർമ്മയെ നിയമിക്കേണ്ടിവന്നു. “രണ്ട് വൈറ്റ് ബോൾ ക്യാപ്റ്റൻമാർ വേണ്ടതില്ല എന്നതാണ് അതിന്റെ അടിസ്ഥാനം,” മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

മറ്റു ടീമുകളിൽ വ്യത്യസ്ത ക്യപ്റ്റൻ ശൈലി നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ടീം പൊതുവിൽ ഇത് ഉപയോഗിച്ചിരുന്നില്ല. സ്പ്ലിറ്റ് ക്യാപ്റ്റൻസി ടീമിലെ രണ്ട് ശക്തി കേന്ദ്രങ്ങളുടെയും മുന്നോട്ട് പോക്കിന് പ്രശ്നങ്ങൾ സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് ഗാംഗുലി നൽകിയത്. ഇതിനു മുൻപ് രണ്ട് വർഷക്കാലം കോഹ്‌ലി ടെസ്റ്റ് ടീം ക്യപ്റ്റനായും ധോണി പരിമിത ഓവർ ക്യപ്റ്റനായും ടീമിനെ നയിച്ചിരുന്നു.

ഏകദിന ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് കോഹ്‌ലിയുമായി സംസാരിച്ചതായി ബിസിസിഐ അധ്യക്ഷൻ പറഞ്ഞു. "ഞാൻ അദ്ദേഹത്തോട് സംസാരിച്ചു. ചീഫ് സെലക്ടറും സംസാരിച്ചു,” ഗാംഗുലി പറഞ്ഞു, ഒപ്പം രോഹിത്തിന് എല്ലാ ആശംസകൾ നേരുകയും അദ്ദേഹം നന്നായി പ്രവർത്തിക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയും ചെയ്തു.

Also Read: തുടരാന്‍ ആഗ്രഹിച്ചിട്ടും അനുവദിച്ചില്ല; കോഹ്ലിയുടെ നായകസ്ഥാനം തെറിച്ചതിന് പിന്നിലെ കഥ

മൂന്ന് മാസം മുന്‍പ് ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോൾ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കാനുള്ള ആഗ്രഹം കോഹ്‌ലി പ്രകടിപ്പിച്ചിരുന്നു.

”ജോലിഭാരം മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, കഴിഞ്ഞ എട്ട്, ഒന്‍പത് വർഷമായി മൂന്ന് ഫോർമാറ്റുകളും കളിക്കുകയും കഴിഞ്ഞ അഞ്ച്, ആറ് വർഷമായി നായകനാകുകയും ചെയ്ത എന്റെ ജോലിഭാരം വലുതാണ്. ടെസ്റ്റ്, ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുന്നതിന് എനിക്ക് തയാറെടുക്കേണ്ടതുണ്ട്,” കോഹ്ലി സെപ്റ്റംബറിൽ പറഞ്ഞു. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻസിയും അദ്ദേഹം ഉപേക്ഷിച്ചിരുന്നു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളാണ് കോഹ്ലി. 95 ഏകദിന മത്സരങ്ങളില്‍ 65 എണ്ണവും വിജയിച്ചു. വിജയശതമാനം 70 ശതമാനത്തിന് മുകളിലാണ്. 45 ട്വന്റി 20 മത്സരങ്ങളില്‍ 25 എണ്ണത്തിലും വിജയം. ട്വന്റി 20, ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ ഏറെ നാളായി ടീമിന്റെ ഉപനായകനാണ്. 10 ഏകദിനത്തിലും 19 ട്വന്റി 20 യിലും ടീമിനെ രോഹിത് നയിച്ചിട്ടുണ്ട്. സ്ഥിരം നായകനായുള്ള ആദ്യ പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ സമ്പൂര്‍ണ ജയം സ്വന്തമാക്കാന്‍ രോഹിതിന് കഴിഞ്ഞു.

അതേസമയം, ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഗാംഗുലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഓസ്‌ട്രേലിയയിൽ ടീം വിജയിച്ചു, ഇംഗ്ലണ്ടിൽ അവർ 2-1 ന് മുന്നിലാണ്," അദ്ദേഹം പറഞ്ഞു.

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ക്രിക്കറ്റ് ഡയറക്ടറായി വിവിഎസ് ലക്ഷ്മണിനെ നിയമിച്ചതായും ബിസിസിഐ പ്രസിഡന്റ് സ്ഥിരീകരിച്ചു, ട്രോയ് കൂലി ഫാസ്റ്റ് ബോളിങ് പരിശീലകനാകുമെന്നും അറിയിച്ചു.

Indian Cricket Team Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: