ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ എം.എസ്.ധോണിയുടെ ഏകദിന പ്രകടനത്തിൽ നിരാശയിലാണ് ഇന്ത്യൻ ആരാധകർ. ഇംഗ്ലണ്ടിനെതിരായ രണ്ടു ഏകദിനത്തിലും ധോണിയുടെ പ്രകടനം മോശമായിരുന്നു. രണ്ടാം ഏകദിനത്തിൽ 37 ബോളിൽനിന്നും 59 റൺസും മൂന്നാം ഏകദിനത്തിൽ 66 പന്തിൽനിന്നും 42 റൺസുമായിരുന്നു ധോണിയുടെ സമ്പാദ്യം. ഈ രണ്ടു മൽസരങ്ങളും തോറ്റ ഇന്ത്യയ്ക്ക് പരമ്പരയും നഷ്ടമായിരുന്നു.

രണ്ടാം ഏകദിനത്തിൽ ധോണിയുടെ മെല്ലപ്പോക്ക് കണ്ടുകൊണ്ട് ഇന്ത്യൻ ആരാധകർ നിരാശയോടെയാണ് ഗ്യാലറിയിൽ ഇരുന്നത്. ബാറ്റിങ്ങിനായി ക്രീസിലേക്ക് എത്തിയ ധോണിയെ നിറഞ്ഞ കൈയ്യടിയോടെയാണ് അവർ എതിരേറ്റത്. എന്നാൽ വിക്കറ്റ് നൽകി ധോണി മടങ്ങിയപ്പോൾ കൂകി വിളിച്ചാണ് അവർ യാത്രയാക്കിയത്. മൂന്നാം ഏകദിനത്തിലും ധോണിയെ നോക്കി കാണികൾ കൂകി വിളിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ് പ്രേമികൾ അങ്ങനെ ഒരിക്കലും ചെയ്യരുതെന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യ ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു ഗാംഗുലിയുടെ അഭ്യർത്ഥന.

”ധോണി മികച്ച കളിക്കാരനാണ്, അദ്ദേഹത്തെ നോക്കി ജനങ്ങൾ കൂവരുത്. ധോണിയെപ്പോലെ നല്ലൊരു വിക്കറ്റ് കീപ്പറെയും ബാറ്റ്സ്മാനെയും ഇന്ത്യയ്ക്ക് ഇനി കിട്ടുമോ എന്നറിയില്ല. അങ്ങനെ കിട്ടിയാൽ തന്നെ അതിന് ഇനിയും കാലങ്ങൾ കാത്തിരിക്കണം. ബാറ്റിങ്ങിൽ ബുദ്ധിമുട്ട് നേരിടുന്ന ധോണിക്ക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിയുന്നില്ല. ധോണി സ്വന്തമായ ശൈലിയിൽ കളിക്കുക, അതാണ് അദ്ദേഹത്തിന് നല്ലത്”, ഗാംഗുലി പറഞ്ഞു.

”ചെറുപ്പത്തിൽതന്നെ ക്രിക്കറ്റിലേക്ക് എത്തിയ ധോണി നിരവധി സിക്സറുകൾ ഉയർത്തി. അദ്ദേഹം അത് തുടർന്നുകൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ ധോണിക്ക് പഴയതുപോലെ കളിക്കാൻ സാധിക്കുമോയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. പക്ഷേ അദ്ദേഹം അങ്ങനെ കളിക്കുന്നതിനു മുൻപ് നിങ്ങൾക്ക് അയാളുടെ കളിയെ സംശയിക്കാനാവില്ല. സിക്സറുകൾ ഉയർത്തി കളിച്ചാൽ മാത്രമേ അയാൾക്ക് സിംഗിൾ എടുക്കുന്നതിനുളള ആത്മവിശ്വാസം കിട്ടൂ”.

”ടി ട്വന്റിയിൽ നിങ്ങൾക്ക് അടിച്ച് കളിക്കാനാവും. അവിടെ ധോണി മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അതുതന്നെയാണ് ധോണി ഏകദിനത്തിലും അനുകരിക്കേണ്ടത്. 2005 ൽ ധോണി ക്രിക്കറ്റിലേക്ക് വരുന്ന സമയത്ത് കൂറ്റൻ സിക്സറുകൾ പറത്താറുണ്ട്”.

”പാക്കിസ്ഥാനിൽ പോയപ്പോൾ അവിടെയും ധോണി സിക്സറുകൾ ഉയർത്തി. അതുപോലെ ഇപ്പോഴും ധോണിക്ക് ബാറ്റ് ചെയ്യാൻ കഴിയും. ടീം മാനേജ്മെന്റ് ധോണിക്കൊപ്പം ഇരുന്ന് അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം. നിങ്ങൾ ആറാമതായിട്ടാണ് കളിക്കുന്നതെന്നും അങ്ങനെ നിങ്ങൾക്ക് ചാൻസ് കിട്ടി ക്രീസിലെത്തുമ്പോൾ ആക്രമിച്ച് കളിക്കണമെന്നും പറഞ്ഞു കൊടുക്കണം”, ഗാംഗുലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook