/indian-express-malayalam/media/media_files/uploads/2018/10/ganguly.jpg)
ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ചുറി നേടി മുൻ ഇന്ത്യൻ താരങ്ങളുടെ പ്രശംസ നേടുകയാണ് പൃഥ്വി ഷാ. 134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്‌സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റേന്തുമ്പോൾ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17-ാം വയസ്സിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ സച്ചിൽ തെൻഡുൽക്കറാണ് ഈ പട്ടികയിൽ മുന്നിൽ.
ഷായുടെ പ്രകടനത്തെ മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും വിരേന്ദർ സെവാഗും അടക്കമുളളവർ പുകഴ്ത്തിയിരുന്നു. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും ഈ യുവതാരത്തെ പ്രശംസിച്ചിട്ടുണ്ട്. പ്രശംസയ്ക്കൊപ്പം ആരാധകരോട് ഒരു അഭ്യർത്ഥനയും ഗാംഗുലി നടത്തിയിട്ടുണ്ട്. മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗുമായി ഷായെ താരതമ്യം ചെയ്യരുതെന്നാണ് ഗാംഗുലി ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
''പൃഥ്വി ഷായെ സെവാഗുമായി താരതമ്യം ചെയ്യരുത്. സെവാഗ് പ്രതിഭാശാലിയാണ്. ഷായെ ലോകം ചുറ്റാൻ വിടൂ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നൊക്കെയും അവൻ റൺസുമായി മടങ്ങുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ അവനെ സെവാഗുമായി താരതമ്യം ചെയ്യാതിരിക്കൂ'', ഗാംഗുലി പറഞ്ഞു.
''ടെസ്റ്റ് അരങ്ങേറ്റത്തിൽതന്നെ സെഞ്ചുറി. അവനെ സംബന്ധിച്ചിടത്തോളം അത് ആശ്ചര്യം ഉണ്ടാക്കുന്ന ദിവസമാണ്. രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽതന്നെ അവൻ സെഞ്ചുറി നേടി. ദുൽദീപ് ട്രോഫി അരങ്ങേറ്റത്തിലും ഇപ്പോൾ ഇന്ത്യൻ അരങ്ങേറ്റത്തിലും സെഞ്ചുറി. അതൊരു ആശ്ചര്യകരമാണ്''.
''രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ എനിക്ക് സെഞ്ചുറി നേടാനായില്ല. പക്ഷേ ദുൽദീപ് ട്രോഫി അരങ്ങേറ്റത്തിലും ഇന്ത്യൻ അരങ്ങേറ്റത്തിലും ഞാൻ സെഞ്ചുറി അടിച്ചു'', തന്നെ കന്നി സെഞ്ചുറിയെ ഓർത്തെടുത്ത് കോഹ്‌ലി പറഞ്ഞു. 1996 ൽ ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിലാണ് ഗാംഗുലി സെഞ്ചുറി പൂർത്തിയാക്കിയത്.
പൃഥ്വിയുടെ ബാറ്റിങ് ശൈലിയെക്കുറിച്ചും ഗാംഗുലി സംസാരിച്ചു. ''ഷായുടെ ബാറ്റിങ് ഫെന്രാസ്റ്റിക്കാണ്. അണ്ടർ 19 വേൾഡ് കപ്പ് കളിക്കുന്നതും ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്. അവന് അറിയാവുന്ന രീതിയിലാണ് അവൻ കളിച്ചത്. അവൻ ഇപ്പോൾ വളരെ ചെറുപ്പമാണ്. ഇന്ത്യയ്ക്കായി ദീർഘനാൾ കളിക്കാൻ അവന് സാധിക്കും''.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.