മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായി ചുമതലയേറ്റു. കേന്ദ്രമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറിയായും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരൻ അരുൺ ധൂമൽ ട്രഷററായും ചുമതലയേറ്റു. ഉത്തരാഖണ്ഡിൽ നിന്നുള്ള മാഹിം വർമയാണ് വൈസ് പ്രസിഡന്റ്. കേരളത്തിന്റെ പ്രതിനിധി ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറി. എതിരില്ലാതെയാണ് പുതിയ ഭരണസമിതി അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത്.

ബിസിസിഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി. ബി‌സി‌സി‌ഐ ഭരണഘടനയനുസരിച്ച്, അടുത്ത വർഷം ജൂലൈയിൽ ഗാംഗുലി സ്ഥാനമൊഴിയേണ്ടിവരും. തുടർച്ചയായി 6 വർഷം ഭരണത്തിലിരുന്നവർ മാറിനിൽക്കണമെന്ന നിർദേശം അനുസരിച്ചാണിത്. ഗാംഗുലി ബിസിസിഐയുടേ തലപ്പത്തേക്ക് പോകുന്നതോടെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരും.

ബിസിസിഐ പ്രസിഡന്റ് ആകുമെന്ന് താൻ ഒരിക്കലും കരുതിയിട്ടില്ലെന്നും, തന്നെ ഈ പദവിയിൽ നിയമിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഗാംഗുലി നേരത്തെ പ്രതികരിച്ചിരുന്നു. “ഈ നിയമനത്തിൽ ഞാൻ സന്തുഷ്ടനാണ്, കാരണം ഇത് ബിസിസിഐയുടെ സൽപ്പേരിന് വിഘ്നം സംഭവിച്ച സമയമാണ്, എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള മികച്ച അവസരമാണിത്. നിങ്ങൾ എതിരില്ലാതെ തിരഞ്ഞെടുത്താലും അല്ലെങ്കിലും, ഈ പദവി ഒരു വലിയ ഉത്തരവാദിത്തമാണ്. കാരണം ബിസിസിഐ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ്. ഇന്ത്യ ഒരു ശക്തികേന്ദ്രമാണ്. അതുകൊണ്ടു തന്നെ ഇതൊരു വെല്ലുവിളിയാകും” ഗാംഗുലി പറഞ്ഞു.

Read More: അയാള്‍ ഇപ്പോഴെന്താണ് ചെയ്തത്? രവി ശാസ്ത്രിയെക്കുറിച്ച് ഗാംഗുലി

ആഭ്യന്തര ക്രിക്കറ്റ് നിരീക്ഷിക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും രഞ്ജി ട്രോഫിയിലേക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ഗംഗുലി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook