ന്യൂഡൽഹി: ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ വിജയത്തിന് പിന്നില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ത്യാഗമാണെന്ന് വിരേന്ദര്‍ സെവാഗ്. ബാറ്റിംഗ് ഓർഡറിൽ ധോണിക്ക് സ്ഥാനക്കയറ്റം നൽകാൻ അന്ന് നായകനായിരുന്ന ഗാംഗുലി തീരുമാനിച്ചില്ലായിരുന്നുവെങ്കിൽ ധോണി എന്ന മികച്ച ബാറ്റ്സ്മാൻ ഉണ്ടാവില്ലായിരുന്നുവെന്ന് സെവാഗ് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ബാറ്റിംഗ് സ്ഥാനങ്ങളില്‍ മാറ്റം വരുത്തി ഞങ്ങള്‍ അന്ന് പരീക്ഷം നടത്തുമായിരുന്നു. നല്ലൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടായാല്‍ മൂന്നാമനായി ഗാംഗുലിക്ക് ഇറങ്ങാന്‍ പറ്റുമെന്ന് ഞങ്ങള്‍ കണക്കുകൂട്ടി. എന്നാല്‍ മോശം തുടക്കമാണ് കിട്ടുന്നതെങ്കില്‍ ധോണിയേയും പത്താനേയും കൂറ്റന്‍ അടികള്‍ക്ക് ഇറക്കേണ്ടി വരും. അപ്പോഴാണ് ധോണിയെ മൂന്നാമനായി ഇറക്കാന്‍ ഗാംഗുലി തീരുമാനിച്ചത്’, സെവാഗ് കൂട്ടിച്ചേര്‍ത്തു.

‘ധോണിയെ മൂന്നോ നാലോ മത്സരങ്ങളില്‍ മൂന്നാമനായി ഇറക്കാന്‍ ഗാംഗുലി തീരുമാനിച്ചു. വളരെ ചുരുക്കം നായകന്മാര്‍ മാത്രമാണ് തങ്ങളുടെ സ്ഥാനം മറ്റൊരു താരത്തിന് വേണ്ടി നല്‍കുക. ദാദ അന്ന് അത് ചെയ്തിരുന്നില്ലെങ്കില്‍ ധോണി ഇന്ന് കാണുന്ന നല്ലൊരു ബാറ്റ്സ്മാന്‍ ആകുമായിരുന്നില്ല. പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കുന്നതില്‍ ഗാംഗുലി വിശ്വസിച്ചിരുന്നു’, സെവാഗ് വ്യക്തമാക്കി. ദാദയിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രാഹുൽ ദ്രാവിഡും ധോണിയുടെ വളർച്ചയിൽ വഹിച്ച പങ്ക് ചെറുതല്ലെന്നും വീരു പറഞ്ഞു. ദ്രാവിഡ് ക്യാപ്റ്റനായിരുന്ന കാലത്താണ് ധോണി മികച്ച ഫിനിഷറായി മാറിയതെന്നും സെവാഗ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ