ന്യൂഡല്‍ഹി: നവംബറിലാണ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് നിയമനം. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ദ്രാവിഡ് തന്നെയായിരിക്കും രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി എത്തുക എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ മറ്റൊരു ഇന്ത്യന്‍ ഇതിഹാസ താരം പരിശീലക സ്ഥാനത്ത് എത്താന്‍ ആഗ്രഹിച്ചിരുന്ന എന്നാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ബോറിയ മജുംദാറിന്റെ ബാക്ക്സ്റ്റേജ് വിത്ത് ബോറിയ എന്ന പരിപാടിയിലായിരുന്നു ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.
“വിവിഎസ് ലക്ഷ്മണിന് മുഖ്യ പരിശീലക സ്ഥാനത്ത് എത്താന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. പക്ഷെ ഭാവിയില്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള അവസം ലഭിച്ചേക്കാം,” ഗാംഗുലി പറഞ്ഞു. ദ്രാവിഡിനെ പരിശീലകനായി നിയമിച്ചതിന് പിന്നാലെ ലക്ഷ്മണിനെ ബിസിസിഐ ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാക്കി.
ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒന്നായിരുന്നെന്നും ഗാംഗുലി പറഞ്ഞു. “ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുമ്പോള്‍ പലപ്പോഴും നാട്ടില്‍ നില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകില്ല. അദ്ദേഹത്തിന് രണ്ട് ചെറിയ കുട്ടികളാണ് ഉള്ളത്. പക്ഷെ ദ്രാവിഡിന്റെ പേരായിരുന്നു എന്റേയും ജയ് ഷായുടേയും മനസില്‍ ഉണ്ടായിരുന്നത്,” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
Also Read: ആറാം അംഗത്തിന് ബ്ലാസ്റ്റേഴ്സ്; എതിരാളികള്‍ കരുത്തരായ മുംബൈ