ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുളള ടീം തിരഞ്ഞെടുപ്പിൽ അതൃപ്തി അറിയിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. എല്ലാ ഫോർമാറ്റിലും ഒരേ കളിക്കാരെയാണ് സെലക്ടർമാർ തിരഞ്ഞെടുക്കേണ്ടതെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ടീമിൽ ശുഭ്മാൻ ഗില്ലിനെയും അജിൻക്യ രഹാനെയെയും ഉൾപ്പെടുത്താത്തത് തന്നെ അതിശയപ്പെടുത്തിയെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു.
”എല്ലാ ഫോർമാറ്റിലും ഒരേ കളിക്കാരെ സെലക്ടർമാർ തിരഞ്ഞെടുക്കേണ്ട സമയമാണിത്. അത് ടീമിന്റെ ആത്മവിശ്വാസം കൂട്ടും. പക്ഷേ വളരെ കുറച്ചു പേർ മാത്രമാണ് എല്ലാ ഫോർമാറ്റിലും കളിക്കുന്നത്. വലിയ ടീമിന് സ്ഥിരതയുളള കളിക്കാർ വേണം. എല്ലാവരെയും സന്തോഷപ്പെടുത്തുന്നതിലല്ല, മറിച്ച് രാജ്യത്തിനു വേണ്ടി മികച്ചതും സ്ഥിരതയുളള കളിക്കാരെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്,” ഗാംഗുലി ട്വീറ്റ് ചെയ്തു.
ശുഭ്മാൻ ഗില്ലിനെയും രഹാനെയെയും ടീമിൽ ഉൾപ്പെടുത്താതിരുന്നത് തന്നെ അതിശയപ്പെടുത്തിയെന്നും ഗാംഗുലി പറഞ്ഞു. ”എല്ലാ ഫോർമാറ്റിലും കളിക്കാൻ കഴിയുന്ന ഒട്ടേറെ പേർ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുളള ടീമിലുണ്ട്. പക്ഷേ ശുഭ്മാൻ ഗില്ലിനെയും രഹാനെയെയും ഉൾപ്പെടുത്താതിരുന്നത് അതിശയപ്പെടുത്തി. രഹാനെയെയെ ഏകദിന ടീമിൽ ഉൾപ്പെടുത്തണമായിരുന്നു,” ഗാംഗുലി വ്യക്തമാക്കി.
വെസ്റ്റ് ഇൻഡീസ് എ ടീമിനെതിരായ മൽസരത്തിൽ ഇന്ത്യ എ ടീമിനുവേണ്ടി മികച്ച രീതിയിൽ കളിച്ച ഗില്ലിനെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുളള ഇന്ത്യ ടീമിൽ ഉൾപ്പെടുത്താത്തതിനെ പലരും വിമർശിച്ചിരുന്നു. നാലു കളികളിൽനിന്നായി മൂന്നു അർധ സെഞ്ചുറികളാണ് ഗിൽ നേടിയത്. ടൂർണമെന്റിൽ 218 റൺസാണ് ഗിൽ നേടിയത്. മാത്രമല്ല മാൻ ഓഫ് ദി സീരീസ് അവാർഡും ഗില്ലിനായിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുളള ടീമിൽ തന്നെ ഉൾപ്പെടുത്താതിരുന്നതിൽ ഗില്ലും അതൃപ്തി അറിയിച്ചിരുന്നു.
രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്നു ടി20 യുമാണ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീം കളിക്കുക.
ടെസ്റ്റ് ടീം
വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, മായങ്ക് അഗര്‍വാള്‍, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്.അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.
ഏകദിന ടീം
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെ.എല്‍.രാഹുല്‍,ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സെയ്നി.
ടി20 ടീം
വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡ്യ, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സെയ്നി.