വിരാട് കോഹ്ലി റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ്, ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിലും. വിരാട് കോഹ്ലിയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്ക് ഏറെ പ്രതീക്ഷകളുണ്ട്. 2018 ജനുവരിയിൽ തുടങ്ങുന്ന സൗത്ത് ആഫ്രിക്കൻ പര്യടനത്തോടെ വിദേശത്ത് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം വെന്നിക്കൊടി പാറിക്കുമെന്ന് തന്നെയാണ് ഗാംഗുലിയുടെ പ്രതീക്ഷ.
കോഹ്ലിയെക്കുറിച്ച് ആരും പ്രതീക്ഷിക്കാത്ത ഒരു പ്രവചനം നടത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. ‘അജണ്ട ആജ് തക്’ എന്ന ചർച്ചയിൽ ഹർഭജൻ സിങ്ങിന്റെയും ഇന്ത്യൻ മുൻതാരങ്ങളായ വിവിഎസ് ലക്ഷ്മൺ, ആകാശ് ചോപ്ര എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു പ്രവചനം.
2002 ൽ ലോർഡ്സ് ക്രിക്കറ്റ് മൈതാനത്ത് നടന്ന നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിൽ ഇന്ത്യ വിജയിച്ചപ്പോൾ ഗാംഗുലി ഷർട്ട് ഊരി ചുഴറ്റിയതിനെക്കുറിച്ചും ചർച്ചയിൽ സംസാരമുണ്ടായി. അപ്പോഴാണ് 2019 വേൾഡ് കപ്പ് ഇന്ത്യ നേടുകയാണെങ്കിൽ കോഹ്ലിയും തന്നെപ്പോലെ ചെയ്യുമെന്ന് ഗാംഗുലി തമാശരൂപേണ പറഞ്ഞത്. ”2019 ലെ ലോകകപ്പ് വിരാട് നേടുകയാണെങ്കിൽ ഓക്സ്ഫോർഡ് സ്ട്രീറ്റിൽ തന്റെ ഷർട്ടൂരി കോഹ്ലി ചുറ്റും. എന്റെ വാക്കുകൾ കുറിച്ചു വച്ചോ” ഗാംഗുലി പറഞ്ഞു.
കോഹ്ലിയുടെ വാക്കുകളെ ഹർഭജൻ സിങ് കളിയാക്കി. കോഹ്ലിക്ക് സിക്സ് പാക്ക് ആണെന്നും അപ്പോൾ അദ്ദേഹം അത് കാണിക്കുമെന്നും പറഞ്ഞു. ഇതിനു ഗാംഗുലിയുടെ മറുപടി ഇങ്ങനെ ”എനിക്ക് സിക്സ് പാക്ക് ഉണ്ട്. ഹർഭജൻ അന്ന് ഡ്രസിങ് റൂമിൽ ആയിരുന്നതുകൊണ്ടാണ് അത് കാണാതെ പോയത്”.
വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻ മികവിനെക്കുറിച്ചും ഗാംഗുലി പ്രതിപാദിച്ചു. ”ധോണി വന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനെ അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി. ഇപ്പോൾ വിരാടിന്റെ സമയമാണ്, നല്ലൊരു മികച്ച ടീമാണ് അദ്ദേഹത്തിനൊപ്പമുളളത്, കോഹ്ലി ഇനിയും ഉയർന്ന നിലയിലേക്ക് ഇന്ത്യൻ ക്രിക്കറ്റിനെ എത്തിക്കും. വിവിധ കാലഘട്ടങ്ങളിൽ വിവിധ റോൾ മോഡലുകൾ നമുക്ക് ഉണ്ടായിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും നമ്മൾ പുതിയ ചാംപ്യന്മാരെ ഉണ്ടാക്കുന്നു. ഇപ്പോൾ കോഹ്ലിയാണ് റോൾ മോഡൽ”.