മുംബൈ: കഴിഞ്ഞ വര്‍ഷം എംഎസ് ധോണി 20 ഏകദിനങ്ങളില്‍ നിന്നും ആകെ നേടിയത് വെറും 275 റണ്‍സ് മാത്രമാണ്. കരിയറിലെ ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റും 2018 കണ്ടു. എന്നാല്‍ ആ ചീത്തപ്പേരുകളെയെല്ലാം 2019 ന്റെ തുടക്കത്തില്‍ തന്നെ മാറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ചുറികളിലൂടെയാണ് ധോണി കണക്ക് തീര്‍ത്ത്.

ധോണിയുടെ പ്രകടനമാണ് ഓസീസ് മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. 2-1 ന് ജയിച്ച ഇന്ത്യ ഓസീസ് മണ്ണിലെ ആദ്യ ബൈലാറ്ററല്‍ പരമ്പരയാണ് സ്വന്തമാക്കിയത്. മെല്‍ബണിലെ അവസാന മത്സരത്തില്‍ 114 പന്തില്‍ 84 റണ്‍സുമായി ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ധോണിയെ തേടി പ്ലെയര്‍ ഓഫ് ദ സീരിസ് പുരസ്‌കാരവുമെത്തി.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ധോണിയുടെ വിരമിക്കല്‍. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടി തന്ന നായകന്‍ കളി അവസാനിപ്പിക്കാന്‍ സമയമായെന്ന് പല കോണില്‍ നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. ആരാധകരും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും ധോണിയെ കൈ വിടാതെ ടീമില്‍ നിലനിര്‍ത്തിയ നായകന്‍ വിരാട് കോഹ്ലിയെ അഭിനന്ദിക്കുകയാണ് മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലി.

”രണ്ടു പേരും ഇന്ത്യയ്ക്കായി ഒരുപാട് മത്സരങ്ങള്‍ കളിച്ചവരാണ്. ടീമിലെ മുതിര്‍ന്ന താരമാണ് ധോണി. ശ്രദ്ധേയമായത് ധോണിയും കോഹ്ലിയും തമ്മിലുള്ള ബന്ധമാണ്. കഴിഞ്ഞ ഒരു വര്‍ഷം ധോണിയുടെ സ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിട്ടും അദ്ദേഹത്തെ കൈവിടാതെ കോഹ്ലി കൂടെ നിന്നു. ടീമിന്റെ ഏറ്റവും വലിയ കരുത്തും ഏറ്റവും പ്രധാനപ്പെട്ട താരവുമാണ് ധോണിയെന്ന് കോഹ്ലി ആവര്‍ത്തിച്ച് പറഞ്ഞു. വളരെ കുറച്ച് ക്യാപ്റ്റന്മാര്‍ മാത്രമേ ഒരു താരത്തെ ഇത്രയും പിന്തുണയ്ക്കുകയുള്ളൂ. 15-16 മാസം ധോണിയെ കൈവിടാതെ കൂടെ നിന്ന കോഹ്ലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഇതാണ് ഒരു മഹത്തായ ടീമിനെ ഉണ്ടാക്കുന്നത്. പ്രധാന താരങ്ങള്‍ തമ്മില്‍ പരസ്പര ബഹമുനാമില്ലാതെ ഒരു ടീമും മികച്ചതാകില്ല” ഗാംഗുലി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ