മുംബൈ: ഇന്ത്യ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായേക്കും. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിസിസിഐ അംഗങ്ങള്‍ എതിരില്ലാതെ ഗാംഗുലിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഐപിഎല്‍ ഗവേര്‍ണിങ് കൗണ്‍സില്‍ ചെയര്‍മാനായി എൻ ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേലുമെത്തുമെന്നാണ് അടുത്തവൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ സൂചന.

സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള ആളുകളെ അന്തിമമായി തീരുമാനിക്കുന്നതിനായി ഇന്ന് രാവിലെ വീണ്ടും യോഗം ചേരും. ബിസിസിഐയുടെ ഒക്ടോബര്‍ 23ന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിയും ഇന്നാണ്.

Read More: ‘ദൈവം ഇന്ത്യൻ ക്രിക്കറ്റിനെ രക്ഷിക്കട്ടെ’; രാഹുലിനെ പിന്തുണച്ച് ദാദയും ഭാജിയും

കഴിഞ്ഞമാസം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ഗാംഗുലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്‌റെ തലപ്പത്തിരിക്കാന്‍ അദ്ദേഹത്തിന്‌റെ നിലവാരത്തിലുള്ള ഒരാള്‍ വേണമെന്ന തോന്നലിലാണ് അംഗങ്ങള്‍ ഗാംഗുലിയെ തിരഞ്ഞെടുത്തത്.

ബി‌സി‌സി‌ഐ ഭരണഘടനയനുസരിച്ച്, അടുത്ത വർഷം ജൂലൈയിൽ ഗാംഗുലി തന്റെ സ്ഥാനമൊഴിയേണ്ടിവരും. ഗാംഗുലി ബിസിസിഐയുടേ തലപ്പത്തേക്ക് പോകുന്നതോടെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരും.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ പേരാണ് ബിസിസിഐ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. അരുണ്‍ ധുമലാണ് ട്രഷറര്‍. ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിപ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുന്‍ ധുമല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook