ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ ഉറപ്പുണ്ടായിട്ടും ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതില്‍ ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് ബോര്‍ഡിന്റെ ഭരണമാനദണ്ഡങ്ങളില് ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് പുറം ലോകമറിയാന്‍ കാരണമായി. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിസിസിഐ അധ്യക്ഷന്റെ അനധികൃത നടപടികളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ബിസിസിഐയുടെ ഭരണഘടന അനുസരിച്ച് സെലക്ഷൻ കമ്മിറ്റിയുടെ സ്വാതന്ത്ര്യവും സ്വയംഭരണവും നിലനിർത്തുന്നതിനായി ദേശീയ ടീമിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ അധ്യക്ഷന്‍ പങ്കെടുക്കാന്‍ സാധിക്കില്ല. സുപ്രീം കോടതി അംഗീകരിച്ച ഭരണഘടനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന്. ബിസിസിഐയുടെ ഭാരവാഹിയായി സെക്രട്ടറിക്ക് മാത്രമാണ് ടീം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അര്‍ഹതയുള്ളത്. എന്നാല്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല.
ഗാംഗുലിയുടെ കാലയളവിനു കീഴിലുണ്ടായിരുന്നു മുൻകാല സെലക്ടർമാരുമായി ദി ഇന്ത്യൻ എക്സ്പ്രസ് സംസാരിക്കുകയും അദ്ദേഹം ടീം തിരഞ്ഞെടുപ്പ് മീറ്റിങ്ങുകളിൽ സ്ഥിരം സാന്നിധ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2019 ഒക്ടോബറിൽ ബിസിസിഐ അധ്യക്ഷനായി ചുമതലയേറ്റതു മുതൽ എല്ലാ സെലക്ഷൻ മീറ്റിങ്ങിലും ഗാംഗുലി പങ്കെടുത്തിട്ടുണ്ടെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
ഗാംഗുലി ഓൺലൈൻ സെലക്ഷൻ മീറ്റിങ്ങുകൾക്കായി ലോഗിൻ ചെയ്യുമെന്നും അദ്ദേഹത്തിന്റെ സ്ഥാനത്തെ ബഹുമാനിച്ചുകൊണ്ട് ആരും എതിര്ക്കുകയില്ലായിരുന്നെന്നും മുന്സെലക്ടര്മാര് വെളിപ്പെടുത്തി. ഗാംഗുലിയുടെ സാന്നിധ്യം പലപ്പോഴും ഭീക്ഷണി പോലെയായിരുന്നു. ഇത് പല കമ്മറ്റി അംഗങ്ങൾക്കും അസ്വാസ്ഥ്യമുണ്ടാക്കുകയും തുടര്‍ന്ന് അഭിപ്രായപ്രകടനങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ടതായി വന്നെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കി.
സെലക്ഷന് കമ്മിറ്റിയിലുള്ളവരേക്കാള് ക്രിക്കറ്റില്‍ പരിചയസമ്പത്തുള്ള ഗാംഗുലിയുടെ സാന്നിധ്യത്തില്‍ പലരും സ്വന്തം അഭിപ്രായം പറയാന്‍ പോലും ശ്രമിക്കാറില്ലെന്നും സെലക്ടര്‍മാര്‍ പറയുന്നു. ടീം തിരഞ്ഞെടുപ്പിലെ ഗാംഗിലിയുടെ ഇടപെടല്‍ ആദ്യം പുറത്ത് വന്നത് 2019 ഓക്ടോബറിലാണ്. ബിസിസിഐ അധ്യക്ഷനായി ഗാംഗുലി ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അത്. ഗാംഗിലും ടിം തിരഞ്ഞെടുപ്പ് മീറ്റിങ്ങില്‍ ഇരിക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു.
Also Read: മുംബൈക്കാരോട് ‘ജാവോ’ന്ന് പറഞ്ഞു; ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യതകള്‍ ഇങ്ങനെ