മഹേന്ദ്രസിങ് ധോണി ഇനിയും ക്രിക്കറ്റില്‍ തുടരണോയെന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ നായകന് സൗരവ് ഗാംഗുലി. ഇനിയും കളിയില്‍ തുടരണോയെന്ന് ധോണി ചിന്തിക്കണമെന്ന് ഗാംഗുലി പറഞ്ഞു. കരിയറില്‍ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ധോണി ആത്മപരിശോധന നടത്തേണ്ട സമയമാണെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
ധോണിയുടെ വിരമിക്കലിനെ കുറിച്ച് ചര്‍ച്ചകള്‍ തുടരുമ്പോഴാണ് സൗരവ് ഗാംഗുലിയുടെ പ്രസ്താവന. എല്ലാ ഇതിഹാസ താരങ്ങള്‍ക്കും ഒരു ദിവസം ബൂട്ടഴിക്കേണ്ടി വരും. ഫുട്ബോളിലായാലും ക്രിക്കറ്റിലായാലും അങ്ങനെ തന്നെയാണ്. മറഡോണ വിരമിച്ചു, സച്ചിനും ലാറയും ബ്രാഡ്മാനും വിരമിച്ചു. എല്ലാവരും വിരമിക്കണം. അങ്ങനെയൊരു തീരുമാനം ധോണിയും എടുക്കേണ്ടി വരും. അങ്ങനെയൊരു വിരമിക്കല്‍ ദിനം ധോണിക്കും അനിവാര്യമാണ് – ഇന്ത്യന്‍ മുന്‍ നായകന് പറഞ്ഞു.
Read Also: ‘ഇല്ല, ഇല്ല ധോണി അടുത്തൊന്നും വിരമിക്കില്ല’; സുഹൃത്ത് പറയുന്നു
കരിയറിലെ ഏത് ഘട്ടത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് ധോണി തന്നെ ആത്മപരിശോധന നടത്തണം. ഇന്ത്യക്കായി ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സാധിക്കുമോയെന്ന് ധോണി തന്നെ ചിന്തിക്കേണ്ട കാര്യമാണ്. അങ്ങനെ വിജയിപ്പിക്കാന്‍ ഇപ്പോഴും സാധിക്കുമെങ്കില്‍ ധോണിക്ക് പകരമായി ആരുമില്ല – സൗരവ് ഗാംഗുലി വ്യക്തമാക്കി.
ഒരു കളിക്കാരന് എന്ന നിലയില്‍ തന്നില്‍ ഇനി എത്രത്തോളം ഊര്‍ജം ഉണ്ടെന്ന് അറിയുക ധോണിക്ക് മാത്രമാണ്. അതിനാല്‍, അദ്ദേഹം തന്നെയാണ് തുടരണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ധോണി തന്നെ സ്വയം ഒരു തീരുമാനം എടുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാക്കാലത്തും ധോണിയുടെ സേവനം ലഭിക്കുമെന്ന് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കേണ്ട. ധോണിയില്ലാതെ മത്സരങ്ങള്‍ ജയിക്കാന്‍ ടീം സജ്ജരായേ പറ്റൂ. ധോണിക്ക് ശേഷമുള്ള ടീമിനെ പറ്റി ഗൗരവമായി തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ആലോചിക്കണമെന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കായി 350 ഏകദിനങ്ങള്‍ കളിച്ച ധോണി 50.6 ശരാശരിയില്‍ 10,773 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ നിന്ന് 2014ല്‍ ധോണി വിരമിച്ചിരുന്നു.