ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ടീമിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യ ശക്തമായൊരു നിരയാണ്, തീര്‍ച്ചയായും കിരീടം നേടാന്‍ സാധ്യതയുള്ള ടീം തന്നെയാണെന്നും ഗാംഗുലി പറഞ്ഞു. 2007 ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പിന്നീട് ഒരു തവണ ഫൈനലില്‍ എത്തിയെങ്കിലും ശ്രീലങ്കയോട് പരാജയപ്പെടുകയായിരുന്നു.
“ഇന്ത്യ ഒരു ശക്തമായ ടീമാണ്. കഴിവുള്ളവരാല്‍ സമ്പന്നമാണ് ഇന്ത്യന്‍ നിര. തീര്‍ച്ചയായും കിരീട സാധ്യതയുള്ള ഒരു ടീമാണെന്ന് വിലയിരുത്താം. എല്ലാ തവണയും ചാമ്പ്യന്മാരാകന് കഴിയണമെന്നില്ല. പക്ഷെ ആദ്യ കിരീടം നേടിയതു പോലെ ഇത്തവണയും ഇന്ത്യക്ക് വ്യക്തമായ സാധ്യതകളുണ്ട്,” സ്പോര്‍ട്സ് തക്കിലെ സലാം ക്രിക്കറ്റ് ഷോയില്‍ ഗാംഗുലി പറഞ്ഞു.
വലിയ മത്സരങ്ങള്‍ വിജയിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഗാംഗുലി പറഞ്ഞു. “2019 ലോകകപ്പ് സെമി ഫൈനലില്‍ നമ്മള് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു. ഇത്തവണ പ്രതിക്ഷയുണ്ട്. പക്ഷെ ട്വന്റി 20 പോലൊരു ഫോര്‍മാറ്റില്‍ നമുക്ക് ഉറപ്പ് നല്കാന് കഴിയില്ല. പക്ഷെ, ഞാന്‍ പറഞ്ഞതുപോലെ കിരീട സാധ്യതയുള്ള ടീമുകളില്‍ ഇന്ത്യയുമുണ്ട്,” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 24-ാം തിയതി പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനുമായുള്ള പോരാട്ടങ്ങളെക്കുറിച്ചും ഗാംഗുലി പറഞ്ഞു. “ഒരു താരമെന്ന നിലയില്‍ ഒരിക്കലും ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ല. വളരെ സമ്മര്‍ദമുള്ള മത്സരമായാണ് ആളുകള്‍ വിലയിരുത്തുന്നത്. പക്ഷെ അത്തരത്തിലൊന്നായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല,” ഗാംഗുലി വ്യക്തമാക്കി.