കൊൽക്കത്ത: രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ആവശ്യങ്ങൾക്കായി കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് തുറന്ന് കൊടുക്കാമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായ ഈഡൻ ഗാർഡൻസിലെ ഇൻഡോർ സൗകര്യങ്ങളും താരങ്ങളുടെ ഡോർമെറ്ററിയും ആരോഗ്യ പ്രവർത്തനങ്ങൾക്കായി തുറന്ന് കൊടുക്കാമെന്നാണ് ഗാംഗുലി അറിയിച്ചിരിക്കുന്നത്.

“സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ സ്റ്റേഡിയം തുറന്ന് നൽകും. ഈ സമയത്ത് ചെയ്യാനാവുന്ന എല്ലാ സഹായവും ചെയ്യും. അതിന് ഒരു പ്രശ്നവുമില്ല.” ഗാംഗുലി വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക സഹായം ഉൾപ്പടെയുള്ള കാര്യങ്ങൾ ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി.

ആളൊഴിഞ്ഞ കൊൽക്കത്ത നഗരത്തിന്റെ ഫൊട്ടോ ട്വിറ്ററിൽ പങ്കുവച്ച് ഗാംഗുലി ഇങ്ങനെ കുറിച്ചു. ‘എന്‍റെ നഗരത്തെ ഇങ്ങനെ കാണേണ്ടിവരുമെന്ന് ഒരിക്കലും കരുതിയില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക. നല്ല നാളേക്കായി ഇതെല്ലാം ഉടന്‍ മാറും. ഏവർക്കും സ്നേഹവും വാല്‍സല്യവും.’

കേവലം ഒമ്പത് ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം 100ൽ നിന്ന് 500 ആയി ഉയർന്നത്. മാർച്ച് 15 ന് രോഗബാധിതരുടെ എണ്ണം 110 ആയിരുന്നെങ്കിൽ ചൊവ്വാഴ്ച അത് 519 ആയി ഉയർന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook