മുംബൈ: ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ദുബായിലേക്ക് തിരിച്ചു. സെപ്റ്റംബർ 19ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സുമാണ് ഏറ്റുമുട്ടുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയത്.
“ആറുമാസത്തിനിടെയുള്ള എന്റെ ആദ്യ വിമാനയാത്ര ഐപിഎല്ലിനായി ദുബായിലേക്ക്…. ജീവിതം മാറുകയാണ്,” ഇൻസ്റ്റാഗ്രാമിൽ മാസ്കും മുഖാവരണവും ധരിച്ചുള്ള ചിത്രത്തിനൊപ്പം ഗാംഗുലി കുറിച്ചു.
ഒക്ടോബർ- നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടത്താനിരുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് ഇത്തവണ ഐപിഎൽ മത്സരങ്ങൾ നടത്താൻ വഴിതുറന്നത്. സാധാരണ ഏപ്രിൽ- മേയ് മാസങ്ങളിൽ നടത്തുന്ന ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടിവന്നിരുന്നെങ്കിൽ ബോർഡിന് 4000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമായിരുന്നു. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ അടക്കമുള്ള പ്രമുഖർ ദുബായിലെത്തിയിട്ടുണ്ട്.
കളിക്കാർ ഉൾപ്പെടെ ഏതാനുംപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഐപിഎൽ നടത്തുന്നത്. കോവിഡ് മഹാമാരി ഏറ്റവും കടുത്ത വെല്ലുവിളി ഉയർത്തിയത് ചെന്നൈ ടീമിനാണ്. രണ്ട് കളിക്കാർ ഉൾപ്പെടെ 13 പേരാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്നത്.
ലീഗ് ആരംഭിക്കുമ്പോൾ ആരാധകരെ സ്റ്റേഡിയങ്ങൾക്കുള്ളിൽ കയറാൻ അനുവദിക്കില്ല. എന്നാൽ ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ ചില കാണികൾക്ക് അനുമതി ലഭിച്ചേക്കാം. ദുബായ്, ഷാർജ, അബുദാബി എന്നീ മൂന്ന് വേദികളിലാണ് മത്സരം നടക്കുക.
Read in English: Sourav Ganguly leaves for Dubai to take stock of IPL preparations