ന്യൂഡൽഹി: മുംബൈയിൽ നടന്ന നിർണായകമായ മൂന്നാം ടി20 മത്സരത്തിലും തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഭയമില്ലാതെ ബാറ്റ് വീശി ഇന്ത്യയ്ക്ക് ജയവും പരമ്പരയും സമ്മാനിച്ച ടീമിനെ ട്വിറ്ററിലൂടെയാണ് മുൻ നായകൻ കൂടിയായ ഗാംഗുലി പ്രശംസിച്ചത്. വെസ്റ്റ് ഇൻഡീസിനെ 67 റൺസിനാണ് ഇന്ത്യ മുംബൈയിൽ കീഴ്പ്പെടുത്തിയത്. ഇന്ത്യൻ താരങ്ങളാരും തങ്ങളുടെ സ്ഥാനമുറപ്പിക്കാൻ വേണ്ടിയല്ല കളിച്ചതെന്നും ടീമിന്റെ വിജയത്തിനുവേണ്ടിയാണെന്നും ദാദ പറഞ്ഞു.

“ഇന്ത്യ പരമ്പര തോൽക്കുമെന്ന് ആരും കരുതിയിരുന്നില്ല, ജയം അത്ഭുതപ്പെടുത്തുന്നുമില്ല…ടി20യിൽ ഇപ്പോൾ കാണുന്ന നിർഭയമായ ബാറ്റിങ്ങാണ് ഇന്ത്യയെ വേറിട്ടുനിർത്തുന്നത്. ഭയം കൂടാതെ കളിക്കുക…തങ്ങളുടെ സ്ഥാനത്തിനുവേണ്ടിയല്ല ഒരു താരവും കളിച്ചത്, മറിച്ച് ഇന്ത്യൻ ടീമിന്റെ വിജയത്തിന് വേണ്ടിയാണ്…” ഗാംഗുലി ട്വിറ്ററിൽ കുറിച്ചു.

ക്രീസിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ബാറ്റ്സ്മാന്മാരാണ് ഇന്ത്യൻ വിജയം അനായസമാക്കിയത്. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനെ സാധിച്ചുള്ളൂ.

Also Read: പൊള്ളാർഡിനെ ‘പൊള്ളിച്ച്’ വിരാട് കോഹ്‌ലി; ഒരു ഓവറിൽ പറത്തിയത് മൂന്ന് സിക്സറുകൾ

വലിയ വിജയലക്ഷ്യമായിരുന്നിട്ടും മറികടക്കാമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഇൻഡീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ സന്ദർശകരുടെ തുടക്കം പിഴച്ചു. ടീം സ്കോർ 17 എത്തിയപ്പോഴേക്കും മൂന്ന് മുൻനിര ബാറ്റ്സ്മാന്മാർ കൂടാരം കയറി. കഴിഞ്ഞ മത്സരത്തിൽ വിൻഡീസിന് ജയമൊരുക്കിയ ലെൻഡി സിമ്മൻസിനെ മുഹമ്മദ് ഷമി ഏഴ് റൺസിനും ബ്രണ്ടൻ കിങ്ങിനെ ഭുവി അഞ്ചു റൺസിനും മടക്കിയപ്പോൾ നിക്കോളാസ് പൂറാനെ അക്കൗണ്ട് തുറക്കാൻ പോലും വിടാതെ ദീപക് ചാഹർ നേരിട്ട ആദ്യ പന്തിൽ തന്നെ കൂടാരം കയറ്റി.

Also Read: 400ൽ ‘ആറാടി’ ഹിറ്റ്മാൻ; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

പിന്നാലെ ഹെറ്റ്മയറിന്റെയും പൊള്ളാർഡിന്റെയും രക്ഷാപ്രവർത്തനവും ലക്ഷ്യത്തിലെത്തിയില്ല. നായകന്റെ ഇന്നിങ്സ് ഏറ്റെടുക്കാനോ പിന്തുണ നൽകാനോ ആളില്ലാതെ വന്നതോടെ വിൻഡീസ് ഇന്നിങ്സ് 173 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.

Also Read: കൈവിട്ട കളി തിരികെപിടിച്ച പകരക്കാർ; കയ്യടി നേടി ജഡേജയും മനീഷ് പാണ്ഡെയും

ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 135 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 34 പന്തിൽ ആറു ഫോറും അഞ്ചു സിക്സും ഉൾപ്പടെ 71 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി കെസ്രിക് വില്യംസ് വിൻഡീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 208.82 പ്രഹരശേഷിയിലായിരുന്നു രോഹിത് ബാറ്റ് വീശിയത്.

Also Read: കരുത്ത് കാട്ടി കോഹ്‌ലിപ്പട; മുംബൈയിൽ ഇന്ത്യയ്ക്ക് മിന്നും ജയം, പരമ്പരയും

ഇന്ത്യ: രോഹിത് ശർമ (71), ലോകേഷ് രാഹുൽ (91), റിഷഭ് പന്ത് (0), വിരാട് കോഹ്‌ലി (70)*, ശ്രേയസ് അയ്യർ (0)*.

മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് രണ്ടു പന്തു മാത്രമാണ് ക്രീസിൽ ആയുസുണ്ടായിരുന്നത്. 13-ാം ഓവറിൽ അക്കൗണ്ട് തുറക്കാതെ തന്നെ പന്തിനെ പൊള്ളാർഡ് മടക്കി. ഇതോടെ ഇന്ത്യൻ സ്കോറിങ്ങിന് സഡൻ ബ്രേക്ക് വീണു. എന്നാൽ രാഹുലിന് കൂട്ടായി നായകൻ വിരാട് കോഹ്‌ലി എത്തിയതോടെ വീണ്ടും പന്ത് നിരവധി തവണ ബൗണ്ടറി കടന്നു. അഞ്ചാമനായി ഇറങ്ങിയ ശ്രേയസിനെ മറുവശത്ത് കാഴ്ചക്കാരനാക്കി ഇന്നിങ്സിലെ അവസാന പന്തും സിക്സർ പായിച്ച് കോഹ്‌ലി ഇന്ത്യൻ സ്കോർ 240ൽ എത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook