ഇസ്ലമാബാദ്: ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ മുന്‍ നായകന് സൗരവ് ഗാംഗുലിയെ പുകഴ്ത്തിയും അഭിനന്ദിച്ചും പാക്കിസ്ഥാന് ഇതിഹാസം ശുഐബ് അക്തര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ചയാളാണ് സൗരവ് ഗാംഗുലിയെന്ന് അക്തര്‍ പറഞ്ഞു. യുട്യൂബ് ചാനലിലെ വീഡിയോയിലാണ് ദാദയെ അഭിനന്ദിച്ച് അക്തര്‍ എത്തിയത്.
ഗാംഗുലിക്ക് ക്രിക്കറ്റിനെ കുറിച്ച് നല്ല അറിവുണ്ടെന്നും പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ചയാളാണ് സൗരവ് ഗാംഗുലിയെന്നും അക്തര്‍ പറഞ്ഞു. യുവതാരങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചതായും അക്തര്‍ അഭിപ്രായപ്പെട്ടു.
Read Also: ‘വരാനിരിക്കുന്നത് മഹത്തായ കാലം’; ഗാംഗുലിയുടെ പ്രസിഡന്റ് പദവിയെ കുറിച്ച് സെവാഗ്
“97-98 കാലഘട്ടത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്നായിരുന്നു വിചാരിച്ചിരുന്നത്. പാക്കിസ്ഥാനെ തോല്‍പ്പിക്കാന്‍ മാത്രമുള്ള കഴിവ് ഇന്ത്യന്‍ ടീമിനുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്നാല്‍, സൗരവ് ഗാംഗുലി ഇന്ത്യയുടെ നായകനാകുന്നതുവരെ മാത്രമാണ് അങ്ങനെ തോന്നിയിട്ടുള്ളത്. ഗാംഗുലി ഇന്ത്യന്‍ നായകനായതോടെ അതില്‍ മാറ്റം വന്നു. ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിനെ ഉടച്ചുവാര്‍ത്തു. കഴിവുള്ള താരങ്ങളെ ഇന്ത്യന്‍ ടീമിലെത്തിക്കാന്‍ ഗാംഗുലിക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നു” അക്തര്‍ വീഡിയോയില്‍ പറയുന്നു.
“സൗരവ് ഗാംഗുലി മികച്ചൊരു നേതാവാണ്. കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഗാംഗുലി സത്യസന്ധനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാനസികാവസ്ഥ തന്നെ അദ്ദേഹം മാറ്റിമറിച്ചു.” അക്തര്‍ പറഞ്ഞു. ആദ്യ ഐപിഎൽ സീസണിൽ ഗാംഗുലി ക്യാപ്റ്റനായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേർസ് താരമായിരുന്ന ശുഐബ് അക്തറിന് അദ്ദേഹത്തിനൊപ്പം കളിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
ഗാംഗുലിയെ അഭിനന്ദിച്ച് വീരേന്ദർ സെവാഗും നേരത്തെ രംഗത്തെത്തിയിരുന്നു. ഗാംഗുലി പ്രസിഡന്റ് ആകുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ സൂചനകളാണ് നല്‍കുന്നതെന്നായിരുന്നു സെവാഗ് പറഞ്ഞത്. വൈകിയേക്കാം, പക്ഷെ ഇരുട്ടല്ലെന്നും സെവാഗ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന് ഗാംഗുലി നല്കിയ സംഭാവനകളുടെ തുടര്‍ച്ചയാകും പ്രസിഡന്റ് സ്ഥാനവുമെന്നും സെവാഗ് പറഞ്ഞു.
Read Also: സച്ചിനും സേവാഗും ലാറയും വീണ്ടും ബാറ്റെടുക്കും; മത്സരങ്ങള്‍ ഫെബ്രുവരി രണ്ട് മുതല്‍
മറ്റൊരു മുന്‍ താരമായ വിവിഎസ് ലക്ഷ്മണും ഗാംഗുലിയെ അഭിനന്ദിച്ചു. ഗാംഗുലിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് വളരുമെന്ന് തനിക്കുറപ്പാണെന്നായിരുന്നു ലക്ഷ്മണിന്റെ പ്രതികരണം.
”ഈ നിയമനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്, കാരണം ഇത് ബിസിസിഐയുടെ സല്‍പ്പേരിന് വിഘ്നം സംഭവിച്ച സമയമാണ്, എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള മികച്ച അവസരമാണിത്. നിങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, ഈ പദവി ഒരു വലിയ ഉത്തരവാദിത്തമാണ്. കാരണം ബിസിസിഐ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ്. ഇന്ത്യ ഒരു ശക്തികേന്ദ്രമാണ്. അതുകൊണ്ടു തന്നെ ഇതൊരു വെല്ലുവിളിയാകും” ഗാംഗുലി പറഞ്ഞു.
Read Also: ഇന്ത്യൻ ടീം ക്യാപ്റ്റനെക്കാൾ വലുതല്ല മറ്റൊരു പദവിയും: സൗരവ് ഗാംഗുലി
ആഭ്യന്തര ക്രിക്കറ്റ് നിരീക്ഷിക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും രഞ്ജി ട്രോഫിയിലേക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും ഗംഗുലി പറഞ്ഞു. എന്‍.ശ്രീനിവാസന് പക്ഷക്കാരനായ ബ്രിജേഷ് പട്ടേല്‍ ആയിരിക്കും പുതിയ ബിസിസിഐ പ്രസിഡന്റ് എന്നായിരുന്നു സൂചനകള്‍. എന്നാല്‍ പെട്ടെന്നായിരുന്നു തീരുമാനം മാറിയത്. ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്മാന് പദവിയിലേക്കായിരിക്കും തിരഞ്ഞെടുക്കപ്പെടുക.