കൊൽക്കത്ത: ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിനെ തകർച്ചയിൽ നിന്ന് വിജയങ്ങളിലേക്ക് കൈപിടിച്ച് നടത്തിയ നായകൻ തന്റെ കരിയറിലെ തെറ്റിനെ കുറിച്ച് തുറന്നുപറയുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിൽക്കെ ഗാംഗുലിയെ ഏറെ വിഷമിപ്പിച്ചതാണ് കോച്ച് ഗ്രെഗ് ചാപ്പലുമായുളള തർക്കം. ലോകമാധ്യമങ്ങളിലാകെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ഈ സംഭവത്തെ കുറിച്ചാണ് തന്റെ ഒരു സെഞ്ചുറി പോലും മതിയാകില്ല (A Century is not Enough) എന്ന ആത്മകഥയിൽ ദാദ ഏറ്റുപറയുന്നത്.

ഇന്ത്യൻ ടീമിന്റെ കോച്ചായി ഗ്രെഗ് ചാപ്പലിനെ നിയമിക്കണമെന്ന് നിർബന്ധം പിടിച്ചത് സൗരവ് ഗാംഗുലിയായിരുന്നു. എന്നാൽ തീരുമാനം ഭാവിയിൽ തെറ്റാണെന്ന് തിരിച്ചറിയുമെന്ന് പലരും വിമർശിച്ചിരുന്നുവെന്നും അത് താൻ കണക്കുകൂട്ടിയില്ലെന്നുമാണ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്.

ഗ്രെഗ് ചാപ്പലിന്റെ സഹോദരൻ ഇയാൻ ചാപ്പൽ, മുൻ ഇന്ത്യൻ സൂപ്പർ താരം സുനിൽ ഗവാസ്കർ തുടങ്ങിയവർ നൽകിയ മുന്നറിയിപ്പുകളെ അവഗണിച്ചാണ് താൻ ഗ്രെഗ് ചാപ്പലിന് വേണ്ടി വാദിച്ചതെന്നാണ് ദാദ വ്യക്തമാക്കിയത്. 2003 ൽ ഗ്രെഗ് ചാപ്പലിനെ കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് സൂചന ലഭിച്ച ഉടൻ താൻ ഓസ്ട്രേലിയയിലെത്തി അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും ഇത് വളരെ രഹസ്യമായ ഒരു കൂടിക്കാഴ്ചയായിരുന്നുവെന്നും ഗാംഗുലി ആത്മകഥയിൽ പറഞ്ഞു.

“കോച്ചായി നിയമിക്കപ്പെടുന്നതിന് മുൻപുളള കൂടിക്കാഴ്ചകളിൽ അദ്ദേഹം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അന്ന് ഞാൻ കരുതിയത് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ഏറ്റവും നല്ലത് ഗ്രെഗ് ചാപ്പലിന്റെ ശിക്ഷണമായിരിക്കുമെന്നാണ്. അതുകൊണ്ട് തന്നെ അന്നത്തെ എന്റെ അഭിപ്രായം ജഗ്മോഹൻ ഡാൽമിയയോട് വ്യക്തിപരമായി അറിയിച്ചിരുന്നു,” പുസ്തകത്തിൽ പറയുന്നു.

“എന്നാൽ ചിലർ എന്നെ വിമർശിച്ചു. സുനിൽ ഗവാസ്‌കർ അതിലൊരാളായിരുന്നു. സൗരവ് ഒന്നുകൂടി ആലോചിച്ചിട്ട് മതി എന്നദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനൊപ്പം ടീമിനെ നയിക്കുന്നത് താങ്കൾക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അദ്ദേഹത്തിന്റെ മുൻ കോച്ചിങ് റെക്കോർഡുകൾ ശുഭസൂചകങ്ങളല്ലെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു”, ദാദ എഴുതി.

ജഗ്മോഹൻ ഡാൽമിയ പോലും ഒരു ദിവസം രാവിലെ ഉടനടി അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തണമെന്ന് പറഞ്ഞ് വിളിച്ചു. “ഇയാൻ ചാപ്പൽ തന്നെ ഗ്രെഗ് ചാപ്പലിനെ കോച്ചായി നിയമിക്കുന്നത് നന്നാവില്ലെന്ന് ഡാൽമിയയോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ അഭിപ്രായങ്ങളെയും തളളി എന്റെ തീരുമാനവുമായി മുന്നോട്ട് പോകാനാണ് ഞാൻ നിശ്ചയിച്ചത്,” ഗാംഗുലി വ്യക്തമാക്കി.

“2005 ലാണ് എന്റെ ജീവിതത്തിലെ ഏറ്റവും കലഹം നിറഞ്ഞ വർഷം. അന്നാണ് എന്നെ നായകസ്ഥാനത്ത് നിന്നും ടീമിൽ നിന്നും പോലും ഒഴിവാക്കുന്നത്. ഇതെഴുതുമ്പോൾ പോലും എനിക്ക് ആ കലിയടങ്ങുന്നില്ല. ചിന്തിക്കാൻ സാധിക്കാത്തതും അംഗീകരിക്കാൻ സാധിക്കാത്തതും ക്ഷമിക്കാൻ സാധിക്കാത്തതുമായ കാര്യങ്ങളാണ് അന്ന് നടന്നത്.”

“ചരിത്രത്തിൽ ഇത്തരത്തിലുളള രംഗങ്ങൾ കുറവായിരിക്കും. ജയിച്ചുനിൽക്കുന്ന ക്യാപ്റ്റനെ, തൊട്ടുമുൻപത്തെ പരമ്പരയിൽ ഒരു സെഞ്ചുറി നേടിയ കളിക്കാരനെയാണ് അവർ പെട്ടെന്ന് സ്ഥാനത്ത് നിന്ന് നീക്കിയത്. ഇന്ത്യൻ ക്രിക്കറ്റിൽ ഇത്തരത്തിലൊന്ന് മുൻപുണ്ടായിരുന്നില്ല. ഇനിയുണ്ടാകുമെന്ന് ഞാൻ കരുതുന്നുമില്ല. അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ കിരൺ മോറെയും ഗ്രിഗറി സ്റ്റീഫൻ ചാപ്പലും ചേർന്ന് എന്നെ അത്യപൂർവ്വ താരങ്ങളുടെ ക്ലബിലേക്ക് മാറ്റുകയായിരുന്നു”, സൗരവ് ഗാംഗുലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook