കൊൽക്കത്ത: ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്റെെനിൽ. വീട്ടിൽ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തിൽ കഴിയുന്നത്. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാഷിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സൗരവ് ഗാംഗുലി അടക്കമുള്ള കുടുംബാംഗങ്ങൾ ക്വാറന്റെെനിൽ പ്രവേശിച്ചത്.

ജൂലെെ എട്ടിനായിരുന്നു സൗരവ് ഗാംഗുലിയുടെ ജന്മദിനം. അന്ന് കുടുംബാംഗങ്ങൾക്കൊപ്പമാണ് സൗരവ് ജന്മദിനം ആഘോഷിച്ചത്. ഇന്നലെ കോവിഡ് പോസിറ്റീവ് ആയ സൗരവിന്റെ മൂത്ത സഹോദരൻ സ്‌നേഹാഷിഷ് ഗാംഗുലിയും അന്നത്തെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ. പത്ത് ദിവസത്തെ നിരീക്ഷണത്തിൽ സൗരവ് കഴിയേണ്ടിവരും.

Read Also: ഫിഫ ലോകകപ്പ്: ഖത്തറിൽ ഒരു ദിവസം നാല് മത്സരങ്ങൾ വീതം

ബെല്ലെ വ്യൂ ആശുപത്രിയിലാണ് സ്‌നേഹാഷിഷ് ഗാംഗുലിയെ അഡ്‌മിറ്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌നേഹാഷിഷ് ഗാംഗുലിക്ക് ചെറിയ രീതിയിൽ പനിയുണ്ടായിരുന്നു. പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Happy Birthday Dada: സൗരവ് ഗാംഗുലിക്ക് ജന്മദിന ആശംസകളുമായി ക്രിക്കറ്റ് ലോകം

സ്‌നേഹാഷിഷിന്റെ ഭാര്യയ്‌ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സ്‌നേഹാഷിഷ് ബെഹ്‌ലയിലുള്ള കുടുംബ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. സൗരവ് ഗാംഗുലി താമസിക്കുന്നത് ഇവിടെയാണ്.

Read Also: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഗാംഗുലിയുടെ 48-ാം ജന്മദിനമാണ് 2020 ജൂലെെ എട്ടിനു ആഘോഷിച്ചത്. ക്രിക്കറ്റ് താരങ്ങളടക്കം നിരവധി പേരാണ് ഗാംഗുലിക്ക് ആശംസകൾ അറിയിച്ചത്. വീട്ടിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന ഗാംഗുലിയുടെ ചിത്രങ്ങൾ നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook