കൊൽക്കത്ത: ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും വിലയേറിയ കായിക താരമാണ് വിരാട് കോഹ്‌ലി. എന്നാൽ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തിൽ കോഹ്‌ലിക്ക് തുല്യനായി മറ്റൊരാൾ കൂടിയുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരമായ ചേതേശ്വർ പൂജാരയെയാണ് വിരാട് കോഹ്‌ലിക്ക് തുല്യനായി സൗരവ് ഗാംഗുലി വാഴ്ത്തിയിരിക്കുന്നത്.

“കോഹ്‌ലിയെ പോലെ തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ ചേതേശ്വർ പൂജാരയുടെ റെക്കോർഡും മറ്റാർക്കും അവകാശപ്പെടാനില്ലാത്തതാണ്. അയാൾ നന്നായി കളിക്കുന്നു, ടീമിനെ ജയിപ്പിക്കുന്നു. പക്ഷെ ശ്രദ്ധിക്കപ്പെടുന്നില്ല,” ഗാംഗുലി പൂജാരയെ പ്രശംസിച്ച് കൊണ്ട് പറഞ്ഞു.

‘എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകത്തിന്രെ പ്രകാശന ചടങ്ങിൽ കൊൽക്കത്തയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഏറ്റവും മികച്ച ടീമിന് ഏറ്റവും നല്ല കളിക്കാരനാണ് മൂന്നാം നമ്പറിൽ ഉണ്ടാവുക. ഇന്ത്യ ടെസ്റ്റ് കളിച്ചപ്പോഴെല്ലാം രാഹുൽ ദ്രാവിഡായിരുന്നു ആ സ്ഥാനത്ത്. ഇപ്പോൾ ആ സ്ഥാനത്ത് ചേതേശ്വർ പൂജാരയാണ്,” ഗാംഗുലി പറഞ്ഞു.

“പുതിയ പന്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാനും ആക്രമിച്ച് ബാറ്റ് വീശുന്ന കളിക്കാർക്ക് ഇതിന് അവസരമൊരുക്കുകയും ചെയ്യുന്നത് അവരാണ്. വിരാട് കോഹ്‌ലിയോളം തന്നെ പ്രധാനമാണ് ചേതേശ്വർ പൂജാരയും. എന്നാൽ എപ്പോഴും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ടെസ്റ്റ് റെക്കോർഡുകൾ നോക്കൂ. 57 ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ അദ്ദേഹം 14 സെഞ്ചുറികൾ നേടിയിട്ടുണ്ട്,” ഗാംഗുലി പറഞ്ഞു.

“ഞാനിപ്പോഴും പഴയ സ്കൂളിലെ പാഠങ്ങളെയാണ് പിന്തുണക്കുന്നത്. പന്തിനെ മനസിലാക്കാൻ ക്രീസിൽ കൂടുതൽ സമയം ചിലവഴിക്കുക. പിന്നീട് റൺ സ്കോറിങ്ങിന്റെ വേഗം കൂട്ടുക,” ആക്രമണ ബാറ്റിങ് ശൈലിയെ വിമർശിച്ച് സൗരവ് ഗാംഗുലി പറഞ്ഞു.

ഹർഭജൻ സിങ്ങും വി.വി.എസ്.ലക്ഷ്‌മണും ചടങ്ങിൽ പങ്കെടുത്തു. “ദാദ എന്റെ ക്യാപ്റ്റൻ അല്ലായിരുന്നുവെങ്കിൽ, ഞാനിപ്പോൾ ഇവിടെ ഇരിക്കുമായിരുന്നില്ല. വിശാല ഹൃദയമുളള ഒരു ക്യാപ്റ്റനുണ്ടെങ്കിലേ ഒരു ബോളറും ജനിക്കൂ,” ഹർഭജൻ സിങ്, സൗരവ് ഗാംഗുലിയെ പ്രശംസിച്ച് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook