കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഫെയ്സ് ആപ്. സാധാരണക്കാരുടെ ഇടയിലും താരങ്ങളുടെ ഇടയിലും വലിയ പ്രചാരം നേടിയ ഫെയ്സ് ആപ്പിലൂടെ രൂപം മാറിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചിരിയും ആശ്ചര്യവും സൃഷ്ടിക്കുന്നുണ്ട്. അത്തരത്തിൽ രൂപം മാറിയ ഇന്ത്യൻ ടീം അംഗങ്ങളുടെ ചിത്രം ഹർഭജൻ സിങ് പോസ്റ്റ് ചെയ്തിരുന്നു. സച്ചിനും ഗാംഗുലിയും താനും ഉൾപ്പെടുന്ന ചിത്രമാണ് ഭാജി പോസ്റ്റ് ചെയ്തത്.
പോസ്റ്റിന് താഴെ ഹർഭജന്റെ ചോദ്യം ഇങ്ങനെ, ‘ഇതിൽ ആരെ നിങ്ങൾ ഡേറ്റിങ്ങിന് തിരഞ്ഞെടുക്കും.’ വൈകിയില്ല, പിന്നാലെ തന്നെ മറുപടിയുമായി ദാദ എത്തി. വിരേന്ദർ സെവാഗ്, ഹർഭജൻ സിങ്, സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, യുവരാജ് സിങ്, സഹീർ ഖാൻ, ഗൗതം ഗംഭീർ, ആശിഷ് നെഹ്റ എന്നിവരുടെ പട്ടികയിൽ നിന്ന് ഗാംഗുലി തിരഞ്ഞെടുത്തത് മധ്യത്തിൽ ഫ്ലാഷി ഗ്ലാസ് വച്ച് നിൽക്കുന്ന കുട്ടിയെ.
‘ഫ്ലാഷി ഗ്ലാസ് വച്ച നടുവിലെ ആ കുട്ടിയെ എനിക്കിഷ്ടപ്പെട്ടു’ എന്നായിരുന്നു ഗാംഗുലിയുടെ കമന്റ്. അത് ഗാംഗുലിയുടെ തന്നെ മാറിയ രൂപമായിരുന്നു. പിന്നാലെ ഗാംഗുലിയുടെ കമന്റിന് താഴെ കമ്ന്റുമായി താരങ്ങളും ആരാധകരും നിറഞ്ഞു.
നേരത്തെ യുവരാജ് സിങ് എം.എസ്.ധോണിയും വിരാട് കോഹ്ലിയും അടക്കമുള്ള താരങ്ങളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.