‘കൊല്‍ക്കത്തയുടെ രാജകുമാരന്‍’ എന്നാണ് ഗാംഗുലിയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഗാംഗുലി എന്നും ദാദയാണ്. പണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് ഗാംഗുലി ആയിരുന്നപ്പോള്‍ ലഭിച്ച അതേ സ്വീകാര്യതയാണ് ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയപ്പോഴും ഗാംഗുലിക്ക് ലഭിക്കുന്നത്.

ബിസിസിഐ അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം ഗാംഗുലി ഏറ്റെടുത്ത ഭാരിച്ച ഉത്തരവാദിത്തമാണ് ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് വന്‍ വിജയമായി. നിരവധിപേര്‍ ബിസിസിഐ അധ്യക്ഷന്‍ എന്ന നിലയില്‍ ഗാംഗുലി നടത്തിയ പരിശ്രമത്തെ പുകഴ്ത്തി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും ഗാംഗുലിയെ പുകഴ്ത്തുന്നവര്‍ ഏറെയാണ്. അതിനിടയിലാണ് ഗാംഗുലിയെ ‘ക്ലീന്‍ ബൗള്‍ഡ്’ ആക്കുന്ന ട്രോളുമായി മകള്‍ സന ഗാംഗുലി രംഗത്തെത്തിയത്.

 

View this post on Instagram

 

A post shared by SOURAV GANGULY (@souravganguly) on

കൊല്‍ക്കത്തയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെ ഇരുകയ്യും കെട്ടി വളരെ ഗൗരവത്തോടെ നില്‍ക്കുന്ന ചിത്രം ഗാംഗുലി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെയാണ് മകള്‍ സന ഗാംഗുലി ട്രോളുമായി എത്തിയത്. ദാദയുടെ ചിത്രത്തിന് താഴെ ‘എന്തിനെയാണ് ഇഷ്ടപ്പെടാത്തത് പോലെ നോക്കുന്നത്’ എന്നായിരുന്നു സനയുടെ ആദ്യ കമന്റ്. ഉടന്‍ തന്നെ മകളെ ട്രോളി ദാദ രംഗത്തെത്തി. ‘അനുസരണക്കേട് കാണിച്ചു വളരുന്ന നിന്നെ തന്നെയാണ് നോക്കുന്നത്’ എന്നായിരുന്ന ദാദയുടെ ട്രോള്‍. ‘ആരെടാ’ എന്ന് ചോദിച്ചാല്‍ ‘എന്തടാ’ എന്ന് തിരിച്ചു ചോദിക്കുന്ന ദാദയുടെ മകളല്ലേ…പിന്നെ പറയാനുണ്ടോ! ഉടന്‍ എത്തി അച്ഛനുള്ള കലക്കന്‍ മറുപടി. ‘നിങ്ങളില്‍ നിന്ന് തന്നെയാണ് അനുസരണക്കേട് പഠിക്കുന്നത്’ എന്നായിരുന്നു സന ഗാംഗുലിക്ക് നല്‍കിയ മറുപടി.

ആദ്യ ഡേ-നെെറ്റ് മത്സരം നടത്താൽ ഗാംഗുലി നടത്തിയ ഇടപെടൽ വളരെ ശ്രദ്ധ നേടിയിരുന്നു. ബിസിസിഐ അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്കെല്ലാം ഗാംഗുലി നേതൃത്വം നൽകിയിരുന്നു. ടെസ്റ്റ് മത്സരത്തിനു തൊട്ടുമുൻപുള്ള ദിവസം രാത്രി മുഴുവൻ ഗാംഗുലി സ്റ്റേഡിയത്തിലാണ് ചെലവഴിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook