ഭയം കൂടാതെ മുന്നോട്ടുപോകാൻ പഠിപ്പിച്ച യഥാർഥ നായകനാണ് സൗരവ് ഗാംഗുലിയെന്ന് കേരളത്തിൽ നിന്നുള്ള ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. ഗാംഗുലിക്ക് ജന്മദിനാശംസകൾ നേർന്നുള്ള കുറിപ്പിലാണ് ശ്രീശാന്തിന്റെ പരാമർശം. സഹതാരങ്ങളെ വിശ്വാസത്തിലെടുക്കുകയും പിന്തുണയ്ക്കുകയും ചെയ്ത നായകനാണ് ഗാംഗുലിയെന്നും ശ്രീശാന്ത് കുറിച്ചു. ക്രിക്കറ്റ് കരിയറിൽ തനിക്ക് ഏറെ പ്രചോദനം നൽകിയ താരമാണ് ഗാംഗുലിയെന്നും ശ്രീശാന്ത് പറഞ്ഞു.
ദാദ, കൊൽക്കത്തയുടെ രാജകുമാരൻ, ബംഗാൾ കടുവ, ഓഫ് സെെഡിലെ ദെെവം…വിശേഷണങ്ങൾ ഏറെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിക്ക്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ഗാംഗുലി ഇന്ന് 48-ാം ജന്മദിനം ആഘോഷിക്കുകയാണ്. നിലവിൽ ബിസിസിഐ അധ്യക്ഷനായ ഗാംഗുലി കൊൽക്കത്തയിലെ രാജകുടുംബത്തിൽ 1972 ജൂലെെ എട്ടിനാണ് ജനിച്ചത്.
1983 ൽ ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം ആദ്യമായി നേടിത്തന്ന കപിൽ ദേവ്, 2011 ൽ ലോകകിരീടം നേടിത്തന്ന എം.എസ്.ധോണി എന്നിവർക്കൊപ്പമാണ് ഗാംഗുലിയെന്ന നായകന്റെ പേരും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ഓർക്കുന്നത്. 2003 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ നയിച്ചത് ഗാംഗുലിയാണ്. ഫെെനലിൽ കരുത്തരായ ഓസ്ട്രേലിയയോട് തോറ്റപ്പോൾ ഗാംഗുലിക്ക് നഷ്ടമായത് ലോകകിരീടം നേടിയ നായകനെന്ന വിശേഷണമാണ്. ഫെെനലിൽ ടോസ് ലഭിച്ച ഗാംഗുലി ഓസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, 2011 ൽ ലോകകപ്പ് നേടിയ ടീമിലെ മിക്ക താരങ്ങളെയും കണ്ടെത്തിയത് ഗാംഗുലിയെന്ന നായകനാണ്.
ഇന്ത്യയ്ക്കുവേണ്ടി 311 ഏകദിനങ്ങളിൽ നിന്നായി 41.0 ശരാശരിയിൽ 11,363 റൺസും ടെസ്റ്റ് ക്രിക്കറ്റിൽ 113 മത്സരങ്ങളിൽ നിന്നായി 42.2 ശരാശരിയിൽ 7,212 റൺസും ഗാംഗുലി നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, പൂനെ വാരിയേഴ്സ് എന്നീ ടീമുകൾക്കുവേണ്ടിയും ഗാംഗുലി കളിച്ചിട്ടുണ്ട്.
സച്ചിൻ-ഗാംഗുലി ഓപ്പണിങ് കൂട്ടുക്കെട്ട് ലോകക്രിക്കറ്റിൽ തന്നെ അതിശയിപ്പിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ കൂട്ടുകെട്ടാണ്. 1996 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഇരുവരും ചേർന്ന് ഓപ്പൺ ചെയ്തിരിക്കുന്നത് 136 ഇന്നിങ്സുകളാണ്. 49.32 ശരാശരിയിൽ ഈ കൂട്ടുകെട്ട് 6,609 റൺസാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. ലോക ക്രിക്കറ്റിൽ തന്നെ വളരെ അപൂർവമായ റൺസ് നേട്ടമാണിത്.