scorecardresearch
Latest News

ഐപിഎൽ കാഴ്ചകൾ യുഎഇയിൽനിന്ന്; എന്നാൽ ശബ്ദങ്ങൾ എവിടെനിന്ന്?

നൂറിലധികം ഐപിഎൽ മത്സരങ്ങളിൽ നിന്നുള്ള ശബ്ദങ്ങൾ കേട്ടാണ് ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്

ഐപിഎൽ കാഴ്ചകൾ യുഎഇയിൽനിന്ന്; എന്നാൽ ശബ്ദങ്ങൾ എവിടെനിന്ന്?

നമ്മൾ കാണുന്ന ഐ‌പി‌എൽ മത്സരങ്ങൾ ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നടക്കുന്നവയാണ്. എന്നാൽ നമ്മൾ “കേൾക്കുന്ന” ഐ‌പി‌എല്ലിന്റെ കാര്യമോ?

കോവിഡ് നിയന്ത്രണങ്ങൾ കാരണം കാണികളില്ലാത്ത സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. പക്ഷേ കാണികളുടെ ആരവങ്ങൾ നമ്മൾ കേൾക്കുന്നു. അപ്പോൾ എവിടെ നിന്നുള്ള ശബ്ദങ്ങളാണ് അവ?

അതിന്റെ ഉത്തരം യുഎഇയിൽ നിന്ന് 2,000 കിലോമീറ്റർ അകലെയാണ്. മുംബൈയിലെ സ്റ്റുഡിയോയിൽനിന്ന് തയ്യാറാക്കിയ ശബ്ദശേഖരം വഴിയാണ് ആരവങ്ങൾ നിറഞ്ഞ സ്റ്റേഡിയത്തിന്റെ ശബ്ദാനുഭവം നമുക്ക് മുന്നിലെത്തുന്നത്. മുംബൈയിലെ വാങ്കെഡെയോ, ചെന്നൈയിലെ ചെപോക്കോ, ബെംഗലൂരുവിലെ ചിന്നസ്വമാമിയോ പോലുള്ള ഒരു സ്റ്റേഡിയത്തിലെ കാണികളികളിൽ നിന്നുള്ള ശബ്ദം ദുബായിലെയോ, ഷാർജയിലെയോ, അബൂദബിയിലെയോ ആളില്ലാത്ത സ്റ്റേഡിയത്തിനകത്ത് നടക്കുന്ന മത്സരങ്ങളിൽ തിരിച്ചെത്തുകയാണ്.

അത്ര പെട്ടെന്നൊന്നും തയ്യാറാക്കിയതല്ല ഈ ശബ്ദങ്ങൾ.  ഇക്കാര്യം ശരിയായ രീതിയിൽ ഒരുക്കിയെടുക്കുന്നതിന് മൂന്ന് മാസത്തെ തയ്യാറെടുപ്പും ഗവേഷണവും വേണ്ടി വന്നിട്ടുണ്ടെന്നാണ് ഐപിഎൽ ബ്രോഡ്കാസ്റ്റർ പറയുന്നത്.

“2018 മുതലുള്ള നൂറിലധികം ഐ‌പി‌എൽ മത്സരങ്ങളുടെ ശബ്‌ദങ്ങളാണ് ഞങ്ങൾ പഠിച്ചത്. ഒരോ പ്രത്യേക ടീമുമായി ബന്ധപ്പെട്ട ശബ്ദങ്ങളെയും പ്രത്യേകം പ്രത്യേകമായി പഠിച്ചു. വ്യത്യസ്ത എതിരാളികൾ വരുമ്പോൾ ശബ്ദങ്ങൾ എങ്ങനെയെന്നും പഠിച്ചു. ഉദാഹരണത്തിന്, ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും കളിക്കുകയാണെങ്കിൽ ആ മത്സരത്തിൽ ഉയരുന്ന ശബ്ദങ്ങൾ കിംഗ്സ് ഇലവൻ പഞ്ചാബും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടക്കുന്ന മത്സരത്തിന്റേതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും,” സ്റ്റാർ ഇന്ത്യ സ്പോർട്സ് വിഭാഗം തലവൻ സഞ്ജോഗ് ഗുപ്ത പറഞ്ഞു.

“ഓരോ കളിക്കാരനും ഓരോ ടീമിനും പ്രത്യേകം പ്രത്യേകമായിട്ടുള്ള ശബ്ദത്തിന്റേതായ ഒരു ചട്ടക്കൂട് ഞങ്ങൾ തയ്യാറാക്കേണ്ടതുണ്ട്. എം എസ് ധോണിയോ രോഹിത് ശർമയോ വിരാട് കോഹ്‌ലിയോ എന്നിവർ ഒരു സിക്‌സർ അടിക്കുമ്പോഴുയരുന്ന സന്തോഷ പ്രകടനത്തിന്റെ ശബ്ദങ്ങളും, അത്ര പരിചയമില്ലാത്ത കളിക്കാരനോ പുതുമുഖമോ ആണ് അവിടെയെങ്കിലുള്ള ശബ്ദവും വ്യത്യസ്തമാണ്,” ഗുപ്ത പറഞ്ഞു.

മുംബൈ ക്യാപ്റ്റൻ ശർമയോ ബാംഗ്ലൂർ ക്യാപ്റ്റൻ കോഹ്‌ലിയോ ബാറ്റിംഗിനിറങ്ങുമ്പോഴുള്ള ശബ്ദം കൃത്യമായി മുംബൈയിലെ സ്റ്റുഡിയോയിലെ സൗണ്ട് എൻജിനീയർമാർ മനസ്സിലാക്കിയിരിക്കുകയാണ്. ധോണി ആ സിക്സറുകൾ തീർക്കുമ്പോൾ ചെപ്പാക്കിൽ നിന്നുയരുന്ന കയ്യടികളുടെ ശബ്ദമുണ്ട്. ഒപ്പം ഒരു വുവസേലയുടെ ശബ്ദവും ആരാധകരുടെ വിസിലടി ശബ്ദങ്ങളും. എബി ഡി വില്ലിയേഴ്സിനായി ചിന്നസ്വാമിയിൽ നിന്നുയരുന്ന ആർത്തലയ്ക്കുന്ന ശബ്ദങ്ങളുയരും ഡൽഹി ക്യാപിറ്റൽസ് നായകനുവേണ്ടി ഫിറോസ് ഷാ കോട്‌ലയിൽ നിന്നുയരുന്ന “ശ്രേയസ്, ശ്രേയസ്” എന്ന വിളികളും സ്റ്റുഡിയോയ്ക്കുള്ളിൽ സൃഷ്ടിക്കപ്പെടുന്നു.

“ഒരു കളിക്കാരന് ഒരു ഹിറ്റ് മിസ്സാക്കുമ്പോൾ കാണികളിൽ നിന്നുയരുന്ന ശബ്ദവും ഒരു ക്യാച്ച് മിസ്സാക്കുമ്പോഴുള്ള ശബ്ദവും വ്യത്യസ്തമാണ്,” ഗുപ്ത പറഞ്ഞു. നിരാശയുടെ ഓരോ അവസ്ഥകൾക്കും ശബ്ദങ്ങൾ വ്യത്യസ്തമാണ്. ഈ ശബ്ദങ്ങളും പ്രതിധ്വനികളും സ്റ്റുഡിയോ വ്യത്യസ്തമായി നിർമിക്കുകയാണ്.

“ചെന്നൈ-ഹൈദരാബാദ് മത്സരത്തിനിടെ ഞങ്ങൾ‘ ഗോ രവീന്ദ്ര ജഡേജ ’ എന്ന ശബ്ദം പുതുതായി അവതരിപ്പിച്ചു. കളിക്കാർ നന്നായി കളിക്കാൻ തുടങ്ങുമ്പോൾ പുതിയ ശബ്ദങ്ങൾ സൃഷ്ടിക്കുന്നത് തുടരുക എന്നതാണ് ആശയം,” അദ്ദേഹം പറയുന്നു.

സാധാരണ നിലയോട് കഴിയുന്നത്ര അടുത്താണ് ഈ ശബ്ദ അനുഭവമെന്നാണ് മുംബൈ- ചെന്നൈ മത്സരത്തിന് ശേഷം ഓസീസ് താരം ഷെയ്ൻ വാട്സൺ പറഞ്ഞത്.

“കഴിയുന്നത്ര സാധാരണ നിലയോട് അടുത്ത്… സ്റ്റേഡിയത്തിലെ സ്പീക്കറുകൾക്ക് ആരവുമയർത്താൻ കഴിയുന്നത് പോലെ ലളിതമായി. മുംബൈ, സി‌എസ്‌കെ എന്നിവയ്ക്കായും ഓരോ പ്രത്യേക കളിക്കാർക്കും വേണ്ടിയും ആഹ്ളാദ പ്രകടനവും മന്ത്രണങ്ങളും. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ് ഈ അന്തരീക്ഷം,” ഷെയ്ൻ വാട്സൺ പറഞ്ഞു.

ബ്രോഡ്കാസ്റ്റർമാർ എന്ന നിലയിൽ തങ്ങൾക്ക് ആദ്യം ചെയ്യേണ്ടിയിരുന്നത് ചുറ്റുപാടുകളുടെ ശബ്ദങ്ങളടങ്ങിയ ഒരു ലൈബ്രറി തയ്യാറാക്കുകയായിരുന്നെന്ന് സഞ്ജോഗ് ഗുപ്ത പറഞ്ഞു.

“ഞങ്ങൾ ഒരു ശബ്ദ ശേഖരം (സൗണ്ട് ബാങ്ക്) തയ്യാറാക്കി. ഞങ്ങൾ ഒരു സ്റ്റുഡിയോയിൽ വീണ്ടും ആ ശബ്ദം റെക്കോർഡ് ചെയ്‌തു. ഞങ്ങൾക്ക് മത്സരത്തിനിടയിലെ യഥാർത്ഥ ശബ്‌ദം ഉപയോഗിക്കാൻ കഴിഞ്ഞില്ല, കാരണം അതിൽ പടക്കം പൊട്ടുന്നതിന്റെയും സ്റ്റേഡിയത്തിൽ പ്ലേ ചെയ്യുന്ന ഗാനങ്ങളുടെയും ചിയർ ലീഡർമാരുടെയും പോലുള്ള നിരവധി അധിക ശബ്ദങ്ങളുണ്ട്. ശബ്ദം വിവിധ പാളികളായാണ്, ആദ്യത്തേത് സ്റ്റേഡിയത്തിന്റെ അന്തരീക്ഷമാണ്. മറ്റൊരു ശബ്ദമുള്ളത്, ഫോറോ സിക്സറോ വരുമ്പോഴുള്ളതുപോലത്തവയാണ്. ഏറ്റവും രസകരമായ കാര്യം ഇന്ററാക്ടീവ് ഓഡിയോയാണ്, ധോണി ഒരു സിക്‌സർ അടിക്കുമ്പോൾ നമ്മൾ ധോണിയുടെ പേര് മുഴങ്ങുന്നത് കേൾക്കുന്നു. ഇത് മത്സരത്തിന്റെ സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു,” അദ്ദേഹം പറയുന്നു.

ശബ്‌ദം എത്രത്തോളം സ്വാഭാവികമാണെന്നത് സംബന്ധിച്ച് അഭിപ്രായങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും മറ്റ് ലീഗുകളുടെ സംഘാടകർ ഉൾപ്പെടെയുള്ളവരിൽ നിന്നായി “ലോകമെമ്പാടും” നിന്ന് തനിക്ക് ഫോൺ കോളുകൾ വരുന്നുണ്ടെന്ന് ഗുപ്ത പറയുന്നു. പശ്ചാത്തല ശബ്ദം എങ്ങനെ ശരിയായി ലഭിക്കുമെന്ന് അറിയാൻ അവരെല്ലാം ആഗ്രഹിക്കുന്നുവെന്നും ഗുപ്ത പറഞ്ഞു.

Read More: To bring empty IPL stands alive in UAE, engineers in a Mumbai studio cut-paste audio from archives

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sounds on empty ipl stands uae engineers in a mumbai studio cut paste audio from archives