scorecardresearch
Latest News

‘പരസ്പരം പോരടിച്ച് സഞ്ജുവും റാണയും, ചങ്ങാത്തം പുതുക്കി അച്ഛന്മാര്‍’; ഒരു ഫ്ളാ‍ഷ് ബാക്ക്

രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിച്ച് പോയാല്‍ ചെന്നെത്തി നില്‍ക്കുക ഒന്നര പതിറ്റാണ്ട് മുമ്പ് ധാരാ സിങ്ങിന്റെ സഹോദരന്‍ അനിലും വിശ്വനാഥും ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്ന കാലത്തായിരിക്കും

‘പരസ്പരം പോരടിച്ച് സഞ്ജുവും റാണയും, ചങ്ങാത്തം പുതുക്കി അച്ഛന്മാര്‍’; ഒരു ഫ്ളാ‍ഷ് ബാക്ക്

ബുധനാഴ്‌ച ജയ്‌പൂരിലെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ധാരാ സിങ് റാണ ആദ്യം ചെയ്തത് തന്റെ ഒരു പഴയ സുഹൃത്തിനെ ഫോണ്‍ ചെയ്യുകയായിരുന്നു..

ജയ്‌പൂരിലെ സവായ് മന്‍സിങ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ രണ്ട് താരങ്ങളുടെ കുടുംബങ്ങള്‍ക്ക് അത് അപൂര്‍വ്വമായൊരു നിമിഷമായിരുന്നു. കൊല്‍ക്കത്തയുടെ നിതീഷ് റാണയുടേയും രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണിന്റേയും കുടുംബങ്ങളായിരുന്നു അത്.

ധാരാ സിങ്ങിന്റെ ഫോണ്‍ കോളിന്റെ മറുവശത്ത് സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണായിരുന്നു. മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ വിശ്വനാഥിന് പക്ഷെ താന്‍ പരിശീലിപ്പിക്കുന്ന ടീം കളിക്കാനിറങ്ങുന്നതു കൊണ്ട് മകന്റെ കളി കാണാന്‍ എത്താന്‍ സാധിക്കുമായിരുന്നില്ല. ഒടുവില്‍ അടുത്ത തവണ മക്കളുടെ കളികാണാന്‍ വിഴിഞ്ഞത്തു നിന്നും വരുമെന്ന് വിശ്വനാഥ് ഉറപ്പു നല്‍കിയതിന് ശേഷമാണ് ധാരാ സിങ് ഫോണ്‍ വച്ചത്.

”ഫിറോസ്ഷാ കോട്‌ലയിലെ മൽസരത്തില്‍ സഞ്ജുവോ നിതീഷോ ആരെങ്കിലും കളിക്കുന്നുണ്ടെങ്കില്‍ എങ്ങനെയെങ്കിലും ഡല്‍ഹിയിലെത്തണമെന്ന് ഞാന്‍ വിശ്വനാഥിനോട് പറഞ്ഞു. അവര്‍ രണ്ടു പേരും ആദ്യമായി ബാറ്റ് എടുത്ത കാലം മുതല്‍ ഞങ്ങള്‍ക്ക് പരസ്‌പരം അറിയാം. ദൈവാധീനം കൊണ്ട് രണ്ടു പേരും ഇന്ന് നന്നായി കളിക്കുന്നു. രണ്ടു പേരും കടന്നു വന്ന വഴികള്‍ അറിയുന്നതുകൊണ്ട് തന്നെ രക്ഷിതാക്കളായ ഞങ്ങള്‍ക്കിത് ഏറെ പ്രത്യേകതയുള്ള നിമിഷമാണ്,” ധാരാ സിങ് പറയുന്നു.

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സഞ്ജു 92 റണ്‍സ് അടിച്ചെടുത്തപ്പോള്‍ വിശ്വനാഥിന് മെസേജ് അയച്ച് ധാരാ സിങ് അഭിനന്ദനം അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം നിതീഷ് ഡല്‍ഹിയ്‌ക്കെതിരെ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ വിശ്വനാഥ് തിരിച്ചും സന്ദേശമയച്ച് ആശംസകള്‍ നേര്‍ന്നിരുന്നു.

രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിച്ച് പോയാല്‍ ചെന്നെത്തി നില്‍ക്കുക ഒന്നര പതിറ്റാണ്ട് മുമ്പ് ധാരാ സിങ്ങിന്റെ സഹോദരന്‍ അനിലും വിശ്വനാഥും ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളായിരുന്ന കാലത്തായിരിക്കും. ഫാസ്റ്റ് ബോളറും ഓള്‍ റൗണ്ടറുമായിരുന്ന അനിലിന്റെ ചിറകിന് കീഴിലായിരുന്നു നിതീഷിന്റെ ക്രിക്കറ്റ് പഠനം. അതേസമയം, വിശ്വനാഥ് തന്റെ മക്കളായ സഞ്ജുവിനേയും സാല്ലിയേയും പരിശീലിപ്പിച്ചിരുന്നു. കുട്ടികളാകട്ടെ സ്ഥിരം ഒരുമിച്ച് ഒരു മൈതാനത്ത് കളിച്ച് വളര്‍ന്നവരായിരുന്നു. അന്ന്, ഡല്‍ഹി പൊലീസ് ടീമിന്റെ സ്‌പോര്‍ട്ടിങ് ഹബ്ബായ കിങ്സ് വേ ക്യാമ്പിൽ കണ്ട് മുട്ടുമ്പോള്‍ കുട്ടികളുടെ കളിയെ കുറിച്ച് ഇരുവരും സ്ഥിരമായി സംസാരിക്കുമായിരുന്നു.

”ഞങ്ങള്‍ സ്ഥിരം കാണുമായിരുന്നു. വിശ്വനാഥ് ഫുട്‌ബോള്‍ ടീമിലുണ്ടായിരുന്നു. ഞാന്‍ ക്രിക്കറ്റായിരുന്നു കളിച്ചിരുന്നത്. മിക്ക ദിവസവും ഞാന്‍ എത്തുമ്പോഴേക്കും അവന്‍ കളിയവസാനിപ്പിച്ചിട്ടുണ്ടാകും, അല്ലെങ്കില്‍ തിരിച്ചായിരിക്കും. രണ്ട് കുട്ടികളും സംസ്ഥാനത്തിനും ഐപിഎല്ലിലുമൊക്കെ കളിക്കാന്‍ തുടങ്ങിയതോടെ ഞങ്ങളുടെ സൗഹൃദവും പുതുക്കപ്പെടുകയായിരുന്നു,” സബ് ഇന്‍സ്‌പെക്ടറായ അനില്‍ പറയുന്നു.

2008 ല്‍ സഞ്ജുവിന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് പിന്നാലെ പോവുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വനാഥ് പൊലീസില്‍ നിന്നു സ്വമേധയാ വിരമിക്കുന്നത്. തിരികെ വിഴിഞ്ഞത്ത് എത്തിയതിന് ശേഷവും രണ്ട് കുടുംബവും തമ്മില്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഡല്‍ഹിയില്‍ വരുമ്പോഴൊക്കെ ധാരാ സിങ്ങിനേയും അനിലിനേയും വിളിക്കാറുണ്ടെന്നും കഴിഞ്ഞ വര്‍ഷം അവരുടെ വീട്ടില്‍ പോയിരുന്നുവെന്നും വിശ്വനാഥ് പറയുന്നു.

ഡിഎല്‍ ഡിഎവി മോഡല്‍ സ്‌കൂളിലായിരുന്നു സഞ്ജു പഠിച്ചിരുന്നത്. അവിടുത്തെ കോച്ച് യശ്പാലിന്റെ കീഴിലായിരുന്നു ക്രിക്കറ്റ് പരിശീലിച്ചിരുന്നത്. നിതീഷിനെ പരിശീലിപ്പിച്ചത് സഞ്ജയ് ഭരദ്വാജായിരുന്നു. രണ്ട് പേരും ഒരേ ഏജ് ഗ്രൂപ്പായതിനാല്‍ പരസ്‌പരം മൽസരിച്ചിരുന്നുവെന്നും എന്നാല്‍ ഒരിക്കല്‍ പോലും മോശമായി പെരുമാറുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും വിശ്വനാഥ് പറയുന്നു.

കളിയുടെ കാര്യത്തില്‍ മക്കളെ പോലെ തന്നെ കുടുംബങ്ങളും സീരിയസാണെങ്കിലും അതിന് പുറത്ത് എല്ലാവരും വളരെ സൗഹാര്‍ദമാണെന്നും വളരെ അടുപ്പം കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുന്നവരുമാണെന്നും ധാരാ സിങ് പറയുന്നു. തങ്ങളുടെ മക്കളുടെ ക്രിക്കറ്റ് യാത്രയാണ് രണ്ട് കുടുംബങ്ങളെ അടുപ്പത്തിലാക്കിയതെന്നും അദ്ദേഹം പറയുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Sons rivals in ipl their fathers old friends