സച്ചിനെതിരായ പ്രതികരണത്തില്‍ വിശദീകരണവുമായി ഗായിക സോന മൊഹപത്ര. താന്‍ സച്ചിനെതിരെ വ്യക്തിപരമായ ആക്രമണമല്ല നടത്തിയതെന്നും സോണി ടിവിയേയും ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയേയും തുറന്ന് കാണിക്കുകയാണ് ചെയ്തതെന്നുമാണ് സോനയുടെ വിശദീകരണം.

സോന സച്ചിനെതിരെ രംഗത്തെത്തിയെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെയാണ് ട്വിറ്ററിലൂടെയുളള താരത്തിന്റെ വിശദീകരണം. ”സത്യമതല്ല. ലൈംഗിക അതിക്രമങ്ങളില്‍ ആരോപണ വിധേയനായ ഒരാളെ വീണ്ടും പരിപാടിയിലെ വിധി കര്‍ത്താവാക്കിയ വിവരം മറച്ചു വയ്ക്കാനായി സോണി ദേശീയ ഹീറോയുടെ ട്വിറ്റര്‍ ഉപയോഗിക്കുകയാണെന്നത് എന്നെ അലോസരപ്പെടുത്തി. മറ്റൊന്നുമില്ല” സോന ഒരു ട്വീറ്റില്‍ പറയുന്നു.

”പ്രിയപ്പെട്ട ഇന്ത്യ, ടിവിയില്‍ ബ്രാൻഡുകളെ പ്രൊമോട്ട് ചെയ്യുന്നതിന് താരങ്ങള്‍ക്കും ക്രിക്കറ്റ് കളിക്കാര്‍ക്കും പണം കിട്ടുന്നത് പോലെ തന്നെ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ലഭ്യമാണ്. സച്ചിന്‍ ഇന്ത്യന്‍ ഐഡല്‍ കാണുകയും ശേഷം മത്സരാർഥികളെ കുറിച്ച് വിശദമായി ട്വീറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നതില്‍ എനിക്ക് സംശയമുണ്ട്” എന്നായിരുന്നു സോനയുടെ മറ്റൊരു ട്വീറ്റ്.

തന്റെ അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റിനെ കുറിച്ച് സച്ചിന് അറിയുമായിരുന്നോ എന്ന് തന്നെ താന്‍ സംശയിക്കുന്നതായും താരം പറഞ്ഞു. അതേസമയം, തന്റെ വാക്കുകള്‍ പ്രചരിപ്പിച്ച് സോണി ആളുകളുടെ ശ്രദ്ധ നേടുകയാണെന്നും സോന ആരോപിച്ചു.

ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായ അനു മലിക്കിനെതിരെയുള്ള ട്വീറ്റിലായിരുന്നു നേരത്തെ സോന സച്ചിനെതിരെ രംഗത്തെത്തിയത്. റിയാലിറ്റി ഷോയെ അഭിനന്ദിച്ചു കൊണ്ട് സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. മീ ടൂ ആരോപണ വിധേയനായ അനു മലിക്കിനെ വീണ്ടും ഷോയിലെ വിധി കര്‍ത്താവായി എത്തിച്ചതാണ് ഗായികയെ ചൊടിപ്പിച്ചത്. ”പ്രിയപ്പെട്ട സച്ചിന്‍, നിങ്ങള്‍ക്ക് മീ ടു തുറന്നു പറച്ചിലുകളെ കുറിച്ച് അറിയുമോ? അനു മാലിക്കിനെതിരെ രംഗത്തെത്തിയ സ്ത്രീകളെ കുറിച്ച് അറിയുമോ? അതിലൊരാള്‍ ഈ ഷോയുടെ നിർമാതാക്കളിലൊരാളായിരുന്നു” എന്നായിരുന്നു സോനയുടെ വിവാദ ട്വീറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook