ഇക്കഴിഞ്ഞ ഫിഫ ഫുട്ബോൾ ലോകകപ്പിലെ മറക്കാനാവത്ത കാഴ്ചകളിലൊന്നായിരുന്നു മൈതാനത്ത് പൊട്ടിക്കരയുന്ന ദക്ഷിണകൊറിയന്‍ താരം ഹ്യൂങ് മിന്‍ സണ്ണിന്റേത്. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സണ്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്.

താരത്തിന്റെ കരച്ചിലിന് പിന്നില്‍ ലോകകപ്പില്‍ നിന്നും പുറത്തായതിന്റെ വേദന മാത്രമല്ലെന്നും വേറേയും കാരണങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എല്ലാവരും നിര്‍ബന്ധമായും രണ്ട് വര്‍ഷത്തെ സൈനിക സേവനം നടത്തണമെന്ന് നിയമമുണ്ട് ദക്ഷിണ കൊറിയയില്‍. എന്നാല്‍ സണ്ണിന് ഇതുവരേയും അത് ചെയ്യേണ്ടി വന്നിട്ടില്ല. ഒളിമ്പിക്സിൽ നിന്ന് പുറത്തായതോടെ സൈന്യത്തിൽ ചേരേണ്ടിവരുമെന്ന അവസ്ഥയിലായിരുന്നു സൺ. പിന്നീടാണ് ലോകകപ്പ് എത്തുന്നത്. അവിടെയും ടീം പുറത്തായതോടെ താരത്തിന്‍റെ ഭാവി ആശങ്കയിലാവുകയായിരുന്നു. ലോകകപ്പില്‍ നിന്നും പുറത്തായതോടെ പൊട്ടിക്കരയുന്ന സണ്ണിന്‍റെ ചിത്രം മറക്കാനാവത്ത കാഴ്ച തന്നെയായിരുന്നു.

എന്നാൽ സണ്ണിന് എഷ്യൻ ഗെയിംസിൽ മറ്റൊരവസരം നൽകിയിരിക്കുകയാണ് കൊറിയൻ ഭരണകൂടം. എഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയാൽ സണ്ണിന് മാത്രമല്ല ടീംമഗങ്ങൾക്കെല്ലാം നിർബന്ധിത സൈനിക സേവനത്തിൽ നിന്നും ഇളവ് നേടാമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൻ താരമായ സണ്ണിനെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എഷ്യൻ ഗെയിംസിൽ കളിക്കാൻ ക്ലബ് അനുമതി നൽകുകയായിരുന്നു.

ഇന്നലെ വിയറ്റ്നാമിനെ പരാജയപ്പെടുത്തി ഫൈനൽ പ്രവേശനം നടത്തിയ കൊറിയൻ ടീമിന് ഒരു വിജയത്തിനപ്പുറം കാത്തിരിക്കുന്നത് വലിയ ഭാഗ്യമാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിയറ്റ്നാമിനെതിരെ കൊറിയൻ വിജയം. സെപ്റ്റംബർ ഒന്നിന് നടക്കുന്ന ഫൈനലിൽ ജപ്പാനെയാണ് ദക്ഷിണ കൊറിയ നേരിടുക. 2014 എഷ്യൻ ഗെയിംസിൽ ദക്ഷിണ കൊറിയ സ്വർണ്ണം നേടിയിരുന്നെങ്കിലും അന്ന് സൺ കളിച്ചിരുന്നില്ല.

നിർബന്ധിത സൈനിക സേവനത്തിൽനിന്ന് ഇളവ് നേടുന്നതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി ദക്ഷിണ കൊറിയൻ ടീമിനെ കാത്തിരിക്കുന്നുണ്ട്. എഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ തവണ സ്വർണ്ണ മെഡൽ നേടുന്ന രാജ്യം എന്ന നേട്ടമാണ് കൊറിയക്ക് മുന്നിലുള്ളത്. നാല് തവണയാണ് കൊറിയ എഷ്യൻ ഗെയിംസിൽ ഇതിന് മുമ്പ് സ്വർണ്ണം നേടിയിട്ടുള്ളത്. 1970, 1978, 1986, 2014 വർഷങ്ങളിലാണ് കൊറിയ എഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയത്. നാല് തന്നെ സ്വർണ്ണം നേടിയ ഇറാനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് കൊറിയയിപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook