ബെംഗളൂരു: ഐപിഎല്ലിൽ തോൽവി ശീലമാക്കിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയായി ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റ്സ്മാൻ എബി ഡിവില്ലേഴ്സ് നാട്ടിലേക്ക് തിരിച്ചു പോകുന്നു. ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫിക്ക് മുൻപ് കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് എബിഡി നേരത്തെ മടങ്ങുന്നത്.

ഐപിഎല്ലിൽ ബാംഗ്ലൂരിന് ഒരു മത്സരം കൂടിയാണ് ശേഷിക്കുന്നത്. ഡൽഹി ഡെയർ ഡെവിൾസിനെതിരായ ഈ മത്സരത്തിലെങ്കിലും ജയിച്ച് മാനം രക്ഷിക്കാൻ ശ്രമിക്കുന്ന ബാംഗ്ലൂരിന് എബിഡിയുടെ അഭാവം തിരിച്ചടിയാണ്. 13 മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് മാത്രം കരസ്ഥമാക്കി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ് നിലവിൽ ബാംഗ്ലൂർ. ഡൽഹിക്കെതിരെയും ഗുജറാത്തിനെതിരെയും മാത്രമാണ് കോഹ്‌ലിക്കും കൂട്ടർക്കും ഇത്തവണ ജയം നുകരാനായത്.

നിരാശാജനകമായ സീസണാണ് കടന്നുപോയതെന്നും കടുപ്പമേറിയ പാഠങ്ങൾ പഠിച്ചെന്നും അത് അടുത്ത സീസണിൽ ഗുണം ചെയ്യുമെന്നും എബിഡി ട്വിറ്ററിൽ കുറിച്ചു. ചാംപ്യൻസ് ട്രോഫിക്ക് മുൻപ് കുടുബത്തോടൊപ്പം സമയം ചെലവഴിക്കാൻ പോകുന്നതിൽ സന്തോഷവാനാണെന്നും ഡിവില്ലേഴ്സ് ട്വീറ്റ് ചെയ്തു.

സീസണിൽ ബാംഗ്ലൂരിനായി മോശം പ്രകടനമാണ് ഡിവില്ലേഴ്സ് പുറത്തെടുത്തത്. 216 റൺസ് മാത്രമാണ് സീസണിൽ എഡിബിയുടെ സന്പാദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ