മുംബൈ: കളിയില്‍ നിന്നും വിരമിച്ചെങ്കിലും സച്ചിനും സെവാഗുമൊക്കെ ഇപ്പോഴും ആരാധകരുടെ മനസിലെ മൈതാനത്ത് കളി തുടരുകയാണ്. ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി ആരാധകരുമായി സംവദിക്കുന്നവരാണ് ഇവര്‍. കളിയെ കുറിച്ചും താരങ്ങളെ കുറിച്ചുമെല്ലാം അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സച്ചിനും സെവാഗും അടങ്ങുന്ന മുതിര്‍ന്ന താരങ്ങള്‍ പങ്കുവയ്ക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിടുമ്പോള്‍ ഇടയ്ക്കൊക്കെ അബദ്ധം പറ്റാറുള്ളയാളാണ് സച്ചിന്‍. കാലം തെറ്റി വരുന്ന ട്വീറ്റും മാറി പോകുന്ന വാക്കുകളുമെല്ലാം സച്ചിനെ ചിലപ്പോഴൊക്കെ ക്ലീന്‍ ബൗള്‍ഡ് ആക്കാറുണ്ട്. ഇതാ സച്ചിന് വീണ്ടുമൊരു കൈയ്യബദ്ധം സംഭവിച്ചിരിക്കുകയാണ്.

ഇന്ത്യക്കായി 10 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ആകാശ് ചോപ്രയുടെ 41-ാം ജന്മദിനമായിരുന്നു ഇന്നലെ. കമന്റേറ്റര്‍, എഴുത്തുകാരന്‍, ആതിഥേയന്‍, മികച്ച ഓപ്പണര്‍ അങ്ങനെ ഒരുപാട് പ്രതിഭകളുള്ള ആകാശ് ചോപ്രയ്ക്ക് സന്തോഷകരമായ ജന്മദിനം നേരുന്നുവെന്നായിരുന്നു സച്ചിന്റെ ആശംസ. എന്നാല്‍ ആകാശ് ചോപ്രയുടെ ചിത്രത്തിന് പകരം രാഹുല്‍ ദ്രാവിഡിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് സച്ചിന്‍ ജന്മദിനാശംസ നേര്‍ന്നത്.

സച്ചിനാണ് ദൈവമാണ് എന്നൊന്നും ട്രോളന്മാര്‍ നോക്കിയില്ല. കേറി മേയുകയാണ് അവര്‍. രസകരമായ ട്രോളുകളാണ് ക്രിക്കറ്റ് ദൈവം ഏറ്റുവാങ്ങുന്നത്. ആരാധകര്‍ തെറ്റ് ചൂണ്ടിക്കാട്ടിയ ഉടനെ സച്ചിന്‍ ചിത്രം പിന്‍വലിച്ചു. പുതിയ ചിത്രം പോസ്റ്റ് ചെയ്തതുമില്ല. അതിനിടെ ചിത്രം മാറിയത് കണക്കിലെടുക്കാതെ സച്ചിന്റെ ആശംസക്ക് ആകാശ് ചോപ്ര നന്ദി അറിയിക്കുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ