കൊളംബോ: ഒട്ടും ആശാവഹമായിരുന്നില്ല നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയുടെ തുടക്കം. പതിവ് പോലെ മുന്‍ നിരയുടെ പെട്ടെന്നുള്ള തകര്‍ച്ചയാണ് ഇന്ത്യയ്ക്ക് വിനയായത്. ഓപ്പണര്‍ രോഹിത് ശര്‍മ്മ നേരിട്ട നാലാം പന്തില്‍ തന്നെ ഡക്കായാണ് മടങ്ങിയത്. പിന്നാലെ എത്തിയ സുരേഷ് റെയ്‌നയും പെട്ടെന്നു തന്നെ കൂടാരം കണ്ടു.

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത്തിലും റെയ്‌നയിലും ഇന്ത്യ ഒരുപാട് പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടു പേരും പരാജയപ്പെടുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 49 പന്തില്‍ നിന്നും 90 റണ്‍സുമായി ലങ്കന്‍ ബോളര്‍മാര്‍ക്ക് മുകളില്‍ പെയ്തിറങ്ങുകയായിരുന്നു ധവാന്‍.

മധ്യനിരയില്‍ മനീഷ് പാണ്ഡെയുമായി ഒത്തുചേര്‍ന്ന് 95 റണ്‍സാണ് ധവാന്‍ കൂട്ടിച്ചേര്‍ത്തത്. 35 പന്തില്‍ നിന്നും 37 റണ്‍സായിരുന്നു പാണ്ഡെയുടെ സമ്പാദ്യം. അതേസമയം, യുവതാരം ഋഷഭ് പന്തിന്റെ പ്രകടനം ആരാധകരുടെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. മോശം ബാറ്റിങ് പ്രകടനമാണ് പന്തിനെ പൊങ്കാലയ്ക്ക് ഇരയാക്കിയത്.

23 പന്തില്‍ നിന്നും 23 റണ്‍സാണ് പന്ത് നേടിയത്. ബാറ്റിങ് ടൈമിങ്ങിലെ പാളിച്ചകളാണ് താരത്തിന് വിനയായത്. ഈ പ്രകടനം കൊണ്ടാണോ ധോണിയുടെ പകരക്കാരന്‍ ആകാന്‍ പോകുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ ധോണി കരിയര്‍ അവസാനിപ്പിക്കണമെന്നും പന്തിന് അവസരം നല്‍കണമെന്നും ക്രിക്കറ്റ് പണ്ഡിറ്റുകളടക്കം അഭിപ്രായപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

അവസാന ഓവറുകളില്‍ പന്ത് പുറത്തെടുത്ത തണുപ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയിക്കാവുന്ന സ്‌കോര്‍ നേടി കൊടുക്കുന്നതില്‍ നിന്നും തടയിട്ടതെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് പന്തിന്റെ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ചില പ്രതികരണങ്ങള്‍