ലോകത്തെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളായ രവീന്ദ്ര ജഡേജ ഫീല്‍ഡിംഗിലും മികച്ച താരമെന്നത് സംശയമില്ലാത്ത കാര്യമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയക്കെതിരായ മത്സരത്തില്‍ ജഡേജയ്ക്ക് അടി തെറ്റി. ഓപ്പണര്‍ സുനില്‍ നരെയ്‌ന്റെ രണ്ട് ക്യാച്ചുകളാണ് ജഡേജ വിട്ടത്.

കൊല്‍ക്കത്തയുടെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലായിരുന്നു നരെയ്‌നെ പുറത്താക്കാനുള്ള ആദ്യ അവസരം ജഡേജ നഷ്ടമാക്കിയത്. അപ്പോള്‍ നരെയ്‌ന്റെ സ്‌കോര്‍ വെറും ആറ് റണ്‍സായിരുന്നു. തൊട്ടടുത്ത പന്തില്‍ തന്നെ രണ്ടാമത്തെ അവസരവും ലഭിച്ചെങ്കിലും അതും ജഡേജ മിസ് ചെയ്തു.

തന്റെ പഴയകാലത്തിന് തന്നെ കരിനിഴല്‍ വീഴ്ത്തുന്ന തരത്തിലുള്ള ജഡേജയുടെ മോശം പ്രകടനം കണ്ട ആരാധകര്‍ ചെയ്തത് പക്ഷെ ആരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. ചെന്നെെയുടെ നായകന്‍ എംഎസ് ധോണി പണ്ട് ജഡേജയെ ട്രോളാന്‍ പ്രയോഗിച്ച ട്വീറ്റുകള്‍ റീട്വിറ്റു ചെയ്തായിരുന്നു ആരാധകര്‍ കലിപ്പടക്കിയത്.

സര്‍ ജഡേജ എന്ന ഇരട്ടപ്പേരിട്ട് ജഡേജയെ ഒരുകാലത്ത് ഇന്ത്യന്‍ താരങ്ങള്‍ ട്വിറ്ററില്‍ ട്രോളിയിരുന്നു. അന്ന് ധോണിയും ജഡേജയെ കളിയാക്കാനായി ട്രോളുകള്‍ ട്വീറ്റ് ചെയ്തിരുന്നു. അതെല്ലാമായിരുന്നു ആരാധകര്‍ കുത്തിപ്പൊക്കിയത്. ജഡേജ ക്യാച്ചിനായി പന്തിന് പിന്നാലെ പോകാറില്ലെന്നും പന്ത് ജഡേജയ്ക്ക് അരികിലേക്ക് വരികയാണെന്നുമുള്ള ട്വീറ്റാണ് കുത്തിപ്പൊക്കിയവയില്‍ ഏറ്റവും ഹിറ്റ്.


എന്നാല്‍ ആരാധകരുടെ ട്രോളുകള്‍ക്ക് ചെന്നൈയെ വിജയിപ്പിച്ചു കൊണ്ടാണ് ജഡേജ മറുപടി പറഞ്ഞത്. ആറ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. നാല് ഓവര്‍ എറിഞ്ഞ് മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റെടുത്ത ഹര്‍ഭജനുമാണ് ചെന്നൈയുടെ വിജയശില്‍പ്പികള്‍. 32 റണ്‍സെടുത്ത റായിഡുവാണ് ചെന്നൈയുടെ ടോപ്പ് സ്‌കോറര്‍.

23 പന്തില്‍ നിന്നും 31 റണ്‍സെടുത്ത നായകന്‍ എംഎസ് ധോണിയാണ് ചെന്നൈയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. സുരേഷ് റെയ്ന 25 ഉം ബ്രാവോ 14 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook